വോള്‍ട്ടേജ് വ്യതിയാനം : ന്യൂട്ടര്‍ റാഡ് ജോയിന്റ് കട്ടായത് മൂലമെന്ന് കെഎസ്ഇബിമാള: കുഴൂര്‍ വൈദ്യുതി സെക്ഷന് കീഴിലുള്ള കൊച്ചുകടവ് ഭാഗത്ത് ഉണ്ടായ വൈദ്യുതി വോള്‍ട്ടേജിലുള്ള വ്യതിയാനം ട്രാന്‍സ്‌ഫോര്‍മറിലെ ന്യൂട്രലിന്റെ റാഡ് ജോയിന്റ് കട്ടായതിനാലെന്ന് ഒടുവില്‍ കെഎസ്ഇബിയുടെ വിശദീകരണം. കൊച്ചുകടവ്കനാല്‍ സ്‌റ്റോപ്പിനടുത്തുള്ള ട്രാന്‍സ്‌ഫോമറിന്റെ തകരാറാണ് ജനങ്ങളെ ദുരിതത്തിലാക്കിയതും ലക്ഷക്കണക്കിന് രൂപയുടെ വൈദ്യുതോപകരണങ്ങള്‍ തകരാറിലായതും. ട്രാന്‍സ്‌ഫോമറിലെ ഈ തകരാര്‍ സാധാരണമല്ലെന്നാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ തന്നെ ഇന്നലെ രാവിലെ മുതല്‍ ലൈനില്‍ പരിശോധന നടത്തിയതിന് ശേഷം ട്രാന്‍സ്‌ഫോര്‍മറിലും പരിശോധന നടത്തിയപ്പോഴാണ് തകരാര്‍ കണ്ടെത്താനായത്. തകരാര്‍ കണ്ടെത്തി ന്യൂട്രലിന്റെ റാഡ് മാറ്റിയിട്ട ശേഷമാണ് ഉച്ചയ്ക്ക് രണ്ടിന് ശേഷം വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. ഞായറാഴ്ച ഉച്ചയ്ക്ക് മുന്‍പ് മുതലാണ് വൈദ്യുതി വോള്‍ട്ടേജിന്റെ വ്യതിയാനമുണ്ടായത്. ആദ്യം 90 മുതല്‍ 299 വോള്‍ട്ട് വരെയാണ് വൈദ്യുതി വോ ള്‍ട്ടേജിന്റെ വ്യതിയാനമുണ്ടായത്. വൈകീട്ട് 4.45 ഓടെ കൂടിയ വോള്‍ട്ടേജ് 438 ലേക്കെത്തി. ത്രീഫേസ് കണക്ഷന് 415 വോ ള്‍ട്ട് കറന്റുണ്ടാകുന്നേടത്താണ് അതിലും കൂടിയ വൈദ്യുതി സിങ്കിള്‍ ഫേസ് കണക്ഷനുകളിലുണ്ടായത്. 230 വോള്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഓരോ വൈദ്യുതോപകരണങ്ങള്‍ക്കും താങ്ങാനാവുന്നത് 250 വോള്‍ട്ട് വരെയാണ്. ആ പരിധി കഴിഞ്ഞാല്‍ പ്രവത്തിച്ചുകൊണ്ടിരിക്കുന്ന ഉപകരണം ഏത് സമയത്തും തകരാറിലാകാം. ഇത്തരത്തില്‍ മേഖലയില്‍ നൂറുകണക്കിന് വൈദ്യുതോപകരണങ്ങളാണ് തകരാറിലായത്. ഓരോ വീടുകളിലും ഒരു ഉപകരണങ്ങളെങ്കിലും തകരാറിലായിട്ടുണ്ട്. എല്‍ ഇ ഡി, സി എഫ് എല്‍, ട്യൂബ്‌സെറ്റ്, ടങ്സ്റ്റണ്‍ ബള്‍ബുകള്‍, മോട്ടോര്‍, ടി വി, ടി വി റിസീവര്‍, ഫ്രിഡ്ജ്, എ സി, ഇന്‍വെര്‍ട്ടര്‍, വാഷിങ് മെഷീന്‍, കംപ്യൂട്ടര്‍, ഫാന്‍, മൊബൈല്‍ ഫോണ്‍, ചാര്‍ജര്‍, ടാബ്‌ലെറ്റ് കംപ്യൂട്ടര്‍ തുടങ്ങി ഗാര്‍ഹിക കാര്‍ഷികോപകരണങ്ങളാണ് തകരാറിലായത്. ഇതില്‍ ടങ്സ്റ്റണ്‍ ബള്‍ബ് പൊട്ടിത്തെറിച്ചുള്ള അപകടങ്ങളുമുണ്ടായിട്ടുണ്ട്. ഇതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് തകരാറുണ്ടായ ട്രാന്‍സ്‌ഫോമറിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കുണ്ടായത്. ഇതിനിടെ തകരാര്‍ ഉണ്ടായത് ഇടിമിന്നല്‍ മൂലമാണെന്ന വാദവുമായി ചില കെ എസ് ഇ ബി ജീവനക്കാര്‍ രംഗത്തിറങ്ങിയിട്ടുണ്ട്. വൈകീട്ടാണ് കാറ്റും മഴയും ഇടിമിന്നലുമുണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് മുമ്പേ തന്നെ വൈദ്യുതി തകരാര്‍ തുടങ്ങിയിരുന്നു. ലൈനുകള്‍ ഓഫ് ചെയ്തതിനാല്‍ ഞായറാഴ്ച രാത്രിയില്‍ വളരെയേറെ ദുരിതമാണ് ജനത്തിനുണ്ടായത്. ചൂടും കൊതുകിന്റെ ശല്ല്യവും മൂലം ഉറങ്ങാനായില്ലെന്നാണ് ആളുകള്‍ പറയുന്നത്. ചെറിയ കുട്ടികളുള്ളതും പ്രായമേറിയവരുള്ളതുമായ വീടുകളിലാണ് ദുരിതം ഏറിയത്. എല്ലാ കാര്യങ്ങള്‍ക്കും ഏറെ ദുരിതം അനുഭവിക്കേണ്ടി വന്നു ജനത്തിന്. നാശനഷ്ടങ്ങള്‍ക്ക് കെ എസ്ഇബി നഷ്ടപരിഹാരം ന ല്‍കണമെന്നതാണ് ജനങ്ങളി ല്‍ നിന്നുയരുന്ന ആവശ്യം.

RELATED STORIES

Share it
Top