വോട്ട് ആവശ്യമുള്ളവര്‍ തങ്ങളെ തേടിവരട്ടെയെന്നു ബിഡിജെഎസ്‌

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എന്‍ഡിഎ യോഗത്തില്‍ നിന്നു  സഖ്യകക്ഷിയായ ബിഡിജെഎസ് വിട്ടുനിന്നു. വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് വിട്ടുനില്‍ക്കല്‍.
വോട്ട് ആവശ്യമുള്ളവര്‍ തങ്ങളെ തേടിവരട്ടെയെന്നും അപ്പോള്‍ നിലപാടു വ്യക്തമാക്കാം എന്നുമാണു ബിഡിജെഎസ് ഇപ്പോള്‍ പറയുന്നത്. ചെങ്ങന്നൂരില്‍ ബിജെപിയോടുള്ള നിസ്സഹകരണം മാത്രമാണു നടത്തുന്നതെന്നും ബിഡിജെഎസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നുമാണ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ വിശദീകരണം. യോഗത്തില്‍ ബിഡിജെഎസിനെ പങ്കെടുപ്പിക്കാന്‍ ബിജെപി തലങ്ങളില്‍അനുനയശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും ഇതെല്ലാം വിഫലമാവുകയായിരുന്നു. സംസ്ഥാനത്ത് തങ്ങള്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കാത്തതില്‍ കഴിഞ്ഞ കുറേ നാളുകളായി ബിജെപിയുമായി അഭിപ്രായഭിന്നതയിലാണ് ബിഡിജെഎസ്.
തങ്ങളുടെ ആവശ്യങ്ങള്‍ സമ്മര്‍ദ്ദത്തിലൂടെ നേടിയെടുക്കുന്നതിനുള്ള അവസാന അവസരമായാണു ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ പാര്‍ട്ടി കണ്ടതും. തിരഞ്ഞെടുപ്പില്‍ ബിജെപിയോട് നിസ്സഹകരണ സമീപനം സ്വീകരിക്കാനാണു നേതൃത്വം കൈക്കൊണ്ടിരിക്കുന്ന തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി പ്രചാരണത്തിനു ബിഡിജെഎസ് രംഗത്തിറങ്ങിയിട്ടില്ല.
തങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ നിലപാട് വ്യക്തമാക്കാന്‍ രണ്ടാഴ്ചത്തെ സമയം ബിജെപി കേന്ദ്രനേതൃത്വത്തിനു ബിഡിജെഎസ് നല്‍കിയിട്ടുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയില്‍ തുടരണോ എന്നതില്‍ തീരുമാനം കൈക്കൊള്ളാനാണു ബിഡിജെഎസിന്റെ തീരുമാനം.

RELATED STORIES

Share it
Top