വോട്ടിങ് യന്ത്രത്തിലെ തിരിമറി; ജൂണ്‍ മൂന്ന് മുതല്‍ തെളിയിക്കും

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ഇലക്‌ട്രോണിക് വോട്ടിങ് യന്ത്ര ( ഇവിഎം)ങ്ങളില്‍ തിരിമറി നടത്താനാവുമെന്ന് തെളിയിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെല്ലുവിളി ജൂണ്‍ മൂന്നിന് തുടങ്ങുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നസിം സെയ്ദി പറഞ്ഞു. രാജ്യത്ത്് ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലുപയോഗിച്ച വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപകമായി തിരിമറി നടത്തിയെന്ന് വിവിധ പാര്‍ട്ടികള്‍ ആരോപണമുന്നയിച്ചിരുന്നു. ആംആദ്മി പാര്‍ട്ടി വോട്ടിങ് യന്ത്രങ്ങളില്‍ തിരിമറി നടത്തുന്ന വിധം പരസ്യമായി പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടത്താന്‍ കഴിയുമെന്നു തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളിച്ചത്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരേ നിരവധി ആളുകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതല്ലാതെ, അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ഹാജരാക്കിയിട്ടില്ലെന്ന് തിയ്യതി പ്രഖ്യാപിക്കവെ നാസിം സെയ്ദി പറഞ്ഞു. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ പൂര്‍ണ സുരക്ഷ ഉള്ളതാണെന്ന് ഉറപ്പുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്‌കര്‍ഷിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്ന യന്ത്രങ്ങളിലാണു തിരിമറി നടത്തി കാണിക്കേണ്ടത്- സെയ്ദി പറഞ്ഞു. യന്ത്രങ്ങളുടെ സുരക്ഷ ചോദ്യംചെയ്ത് ആംആദ്മി പ്രവര്‍ത്തകര്‍ നടത്തിയ പ്രദര്‍ശനത്തെ തള്ളിക്കളഞ്ഞ സെയ്ദി യന്ത്രങ്ങളുടെ അഭ്യന്തര സര്‍ക്യൂട്ടുകളില്‍ യാതൊരുവിധ കൃത്രിമവും കാണിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top