വോട്ടര്‍മാര്‍ക്കു കൈക്കൂലി : കേസെടുത്തതായി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമിചെന്നൈ: ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്കു കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ കേസെടുത്തതായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി നിയമസഭയില്‍ അറിയിച്ചു. സംഭവം സഭയില്‍ ഉന്നയിച്ച് പ്രക്ഷോഭമാരംഭിച്ച പ്രതിപക്ഷ നേതാവ് എം കെ സ്റ്റാലിനും കോണ്‍ഗ്രസ് അംഗങ്ങള്‍ക്കും മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതിരുന്ന പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. കോണ്‍ഗ്രസ് അംഗങ്ങളും ഒരു മുസ്‌ലിംലീഗ് അംഗവും സഭ ബഹിഷ്‌കരിച്ചു. വോട്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി, ആരോഗ്യമന്ത്രി സി വിജയ് ഭാസ്‌കര്‍, അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി ടി വി ദിനകരന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്കു മറുപടിയായാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്നാണ് സ്വകാര്യ വ്യക്തി കമ്മീഷന് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്. പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനാണ് ചോദ്യോത്തരവേളയില്‍ പ്രശ്‌നം സഭയിലുന്നയിച്ചത്. ചോദ്യമുന്നയിക്കാന്‍ അനുമതി നല്‍കിയെങ്കിലും കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെടുകയായിരുന്നു. മാത്രമല്ല; സ്റ്റാലിന്റെ ചില പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുന്നതായും സ്പീക്കര്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയായിരുന്നു.

RELATED STORIES

Share it
Top