വൈസ് ചെയര്‍മാനെതിരായ സിപിഎം നീക്കം നേരിടും: യുഡിഎഫ്‌

ചെര്‍പ്പുളശ്ശേരി: നഗരസഭ വൈസ് ചെയര്‍മാനെതിരേ നിയമ നടപടി എടുക്കുമെന്ന സിപിഎം പ്രഖ്യാപനം നിയമപരമായും,രാഷ്ട്രീയപരമായും നേരിടുമെന്ന് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂള്‍ കാറള്‍മണ്ണ റോഡ് നിര്‍മ്മാണ കരാറുകാരനില്‍ നിന്ന് ലോക്കല്‍ സെക്രട്ടറി കൈക്കൂലി വാങ്ങി എന്ന് പറഞ്ഞിട്ടുള്ളത്. ഇതിന്റെ സമയവും, തിയ്യതിയുമടക്കമുള്ള തെളിവുകള്‍ തങ്ങളുടെ പക്കല്‍ ഉണ്ട്.
നഗരസഭയിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിന്റെ പ്രചരണ ജാഥയില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ പല അഴിമതി ആരോപണങ്ങള്‍ ഇവര്‍ ഉന്നയിക്കുകയും വ്യക്തിപരമായി തേജോവധം ചെയ്യാനും ശ്രമിച്ചിരുന്നു. രാഷ്ട്രീയത്തില്‍ പരസ്പര പരാമര്‍ശങ്ങള്‍ സ്വാഭാവികമാണ്.
ഒന്നും പറയാന്‍ പാടില്ല എന്നുള്ളത് മാടമ്പിത്തരമാണ്. ഭീഷണിക്ക് മുന്നില്‍ യുഡിഎഫ് വഴങ്ങില്ല. 35 വര്‍ഷക്കാലം പഞ്ചായത്ത് ഭരിച്ച  സിപിഎമ്മിന്റെ മുഖം മൂടി അഴിക്കാന്‍ കഴിയും എന്നുള്ള വിശ്വാസം യുഡിഎഫ് ഭരണസമിതിക്കുണ്ട്. യുഡിഎഫിനുള്ളില്‍ വിള്ളലുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഭരണസമിതിക്ക് വ്യക്തമായ വികസന കാഴ്ചപ്പാടുകള്‍ ഉണ്ട്. ഇതുമായി ഒറ്റക്കെട്ടായി മുന്നോട്ടു പോകാനാണു രാഷ്ട്രീയ കാര്യ സമിതി തീരുമാനമെടുത്തിട്ടുള്ളത്.
വാര്‍ത്താ സമ്മേളനത്തില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെകെഎ അസീസ്,  നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ പി രാംകുമാര്‍, കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്് പി പി വിനോദ്കുമാര്‍, കെ എം ഇസ്ഹാഖ്, ലീഗ് നേതാക്കളായ ഇക്ബാല്‍ ദറാനി, സി എ ബക്കര്‍, മീരാന്‍ നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top