വൈവിധ്യമാര്‍ന്ന പരിപാടികളുമായി മോട്ടോര്‍വാഹന വകുപ്പ്

കല്‍പ്പറ്റ: ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പ് ജില്ലയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കുന്നു. 'റോഡ് സുരക്ഷ ജീവന്‍ രക്ഷ' എന്ന പേരില്‍ ഏപ്രില്‍ 23 മുതല്‍ 30 വരെയാണ് 29ാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണം.
റോഡ് സുരക്ഷാ ബോധവല്‍ക്കരണ ബുള്ളറ്റ് റാലി, റോഡ് സുരക്ഷാ ക്ലാസുകള്‍, സൗജന്യ നേത്രപരിശോധനയും കണ്ണട വിതരണവും, സൗജന്യ മെഡിക്കല്‍ ക്യാമ്പ്്, ക്വിസ് മല്‍സരങ്ങള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണ വാഹന പരിശോധന, ലഘുലേഖ-പോസ്റ്റര്‍-ബാനര്‍ പ്രചാരണ പരിപാടികള്‍, റോഡ് സുരക്ഷാ ബോധവല്‍ക്കരണ കലാപരിപാടികള്‍, ബേസിക് ലൈഫ് സപ്പോര്‍ട്ട്- ട്രോമാ കെയര്‍- ഫസ്റ്റ് എയ്ഡ് പരിശീലനങ്ങള്‍ എന്നിവ നടക്കും. ഐഎംഎ ഉള്‍പ്പെടെയുള്ള വിവിധ സംഘടനകളുടെ സഹകരണത്തോടെ 26ന് 'നോ ഹോങ്കിങ്' ദിനാചരണവും നടത്തും. റോഡ് സുരക്ഷാ വാരാചരണം ജില്ലാതല ഉദ്ഘാടനം 23ന് ഉച്ചയ്ക്ക് രണ്ടിന് ആസൂത്രണ ഭവനിലെ എപിജെ അബ്ദുല്‍ കലാം ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി നിര്‍വഹിക്കും.
ജില്ലാ കലക്ടര്‍ എസ് സുഹാസ് അധ്യക്ഷത വഹിക്കും. ജില്ലാ പോലിസ് മേധാവി ഡോ. അരുള്‍ ആര്‍ ബി കൃഷ്ണ മുഖ്യപ്രഭാഷണം നടത്തും. പ്രമുഖ രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും പങ്കെടുക്കും. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ് റോഡ് സുരക്ഷാ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ആര്‍ടിഒ വി സജിത്ത്, പൊതുമരാമത്ത് വകുപ്പ് (നിരത്ത്) എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ എം ഹരീഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്‍, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എം ബാബുരാജ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി ജയേഷ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി യു ദാസ് സംസാരിക്കും.

RELATED STORIES

Share it
Top