വൈറ്റില മേല്‍പ്പാലം: അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: നിര്‍ദിഷ്ട വൈറ്റില മേല്‍പ്പാലത്തിന്റെ അലൈന്‍മെന്റ് മാറ്റാനാവില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്നും ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള എല്ലാ വശങ്ങളും പരിശോധിച്ചാണ് സമഗ്രമായ പ്ലാന്‍ തയ്യാറാക്കിയതെന്നും ഇനി അത് മാറ്റാനാവില്ലെന്നും സൂപ്രണ്ടിങ് എന്‍ജിനീയര്‍ ഐസക് വര്‍ഗീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പറയുന്നു. നിലവിലെ അലൈന്‍മെന്റ് അനുസരിച്ച് മേല്‍പ്പാലം നിര്‍മിച്ചാല്‍ ഗതാഗതക്കുരുക്ക് കുറക്കാനാവില്ലെന്നും പാലത്തിന്റെ പ്രയോജനം ലഭിക്കില്ലെന്നും ചൂണ്ടിക്കാട്ടി നെട്ടൂര്‍ സ്വദേശി ഷമീര്‍ അബ്ദുല്ല നല്‍കിയ ഹരജിക്കുള്ള മറുപടിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. എറണാകുളത്തെ ഏറ്റവും തിരക്ക് കൂടിയ ജങ്ഷനുകളില്‍ ഒന്നാണ് വൈറ്റില ജങ്ഷന്‍. എല്ലാ വശത്തും വന്‍കെട്ടിടങ്ങളാണുള്ളത്. അതിനാല്‍ സര്‍ക്കാരിന് വലിയ ചെലവുണ്ടാവാത്ത രീതിയില്‍ ഭൂവിനിയോഗം ലക്ഷ്യമിട്ടാണ് പദ്ധതി തയ്യാറാക്കിയത്. 2008ല്‍ എസ്എന്‍സി ലാവ്‌ലിന്‍ എന്ന കമ്പനി ഇടപ്പള്ളി, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ക്കായി പഠനം നടത്തി വിശദ പദ്ധതി രേഖ സമര്‍പ്പിച്ചിരുന്നു. 1.58 ഹെക്ടര്‍ ഭൂമിയും 1200 കോടി രൂപ ചെലവും വരുമെന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇതിന് അനുമതി നല്‍കിയില്ല. ഗതാഗത തിരക്ക് വര്‍ധിച്ചു വന്നതിനാല്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.വൈറ്റില മേല്‍പ്പാല നിര്‍മാണത്തിന് പൊതുമരാമത്ത് വകുപ്പ്് ദേശീയപാത വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നാഗേഷ് കണ്‍സള്‍ട്ടന്റാണ് വിശദപദ്ധതി രേഖയും ഡിസൈനും തയ്യാറാക്കിയത്. ആറു വരിയുള്ള മേല്‍പ്പാലമാണ് തീരുമാനിക്കപ്പെട്ടത്. വൈറ്റില ജങ്ഷനിലൂടെയും പരിസരത്ത് കൂടിയും കടന്നുപോവുന്ന കടവന്ത്ര-പേട്ട മൊബൈലിറ്റി ഹബ്, പൊന്നുരുന്നി തുടങ്ങിയ റോഡുകളിലെ ഗതാഗതം മേല്‍പ്പാലത്തിന് താഴെ സിഗ്നല്‍ ജങ്ഷനില്‍ നിയന്ത്രിക്കപ്പെടും. അനുവദിക്കപ്പെട്ട പണവും ഭൂമി ഏറ്റെടുക്കലിലെ പ്രശ്‌നങ്ങളും പരിഗണിച്ചാണ് ഈ ഡിസൈന്‍ സ്വീകരിച്ചത്. സമീപത്തെ റെയില്‍വേ മേല്‍പ്പാലത്തെ പ്രതികൂലമായി ബാധിക്കാത്തതാണ് ഈ ഡിസൈന്‍. വൈറ്റില മേല്‍പ്പാലത്തിന്റെ ഉയരം കൂട്ടുന്നത് റെയില്‍വേ മേല്‍പ്പാലത്തെ ബാധിക്കും. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമ്പോള്‍ നിലവിലെ ഡിസൈന്‍ പൂര്‍ണമായും മാറ്റാനാവില്ല. എന്നിരുന്നാലും ബന്ധപ്പെട്ട കക്ഷികളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് സാധ്യമായ ചില മാറ്റങ്ങള്‍ വരുത്താവുന്നതാണ്. വൈറ്റില ജങ്ഷന് സമീപത്തെ റോഡുകളില്‍ സിഗ്നല്‍ ഫ്രീ സിസ്റ്റം സ്ഥാപിക്കുന്നത് പഠിക്കാന്‍ പിഡബ്ല്യുഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി, ദേശീയ പാത ചീഫ്എന്‍ജിനീയര്‍, റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ചീഫ് എന്‍ജിനീയര്‍, ഡിസൈന്‍ റിസര്‍ച്ച് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ക്വോളിറ്റി കണ്‍ട്രോള്‍ ചീഫ് എന്‍ജിനീയര്‍, ദേശീയപാത റിജ്യനല്‍ ഓഫിസര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ചിട്ടുണ്ട്. വൈറ്റില ജങ്ഷനു സമീപത്തെ മറ്റു റോഡുകളിലെ ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ഈ സമിതി പരിശോധിക്കും. മറ്റെന്തെങ്കിലും അഭിപ്രായമുള്ളവര്‍ക്കും സമിതിയെ സമീപിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top