വൈറ്റിലയില്‍ യാത്രാ ദുരിതംയാത്രക്കാര്‍ മണിക്കൂറുകള്‍ പാഴാക്കണം

മരട്: കൊച്ചിയിലെ പ്രധാന റോഡുകളെല്ലാം തകര്‍ന്നതുമൂലം യാത്രക്കാര്‍ വലയുന്നത് പതിവ് കാഴ്ചയായി. ഇതുമൂലം സമയവും, പണവും നഷ്ടമാകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. ഇന്ധനവില വര്‍ധന മൂലം കുരുക്കില്‍ കുരുങ്ങുന്ന വാഹനയാത്രക്കാരുടെ പോക്കറ്റ് കാലിയാകുന്നതും പതിവാണ്. ഓട്ടോറിക്ഷ, ബസ്, ടാക്‌സി തുടങ്ങി ജീവിതം മുന്നോട്ടു നീക്കുന്നവര്‍ക്കാണ് ഇത് കനത്തപ്രഹരമാകുന്നത്. ഇതുമൂലം പലരും ഈവഴികളിലേക്ക് ഓട്ടം പോകാനും മടിക്കുന്നു.
തുടര്‍ച്ചയായി പെയ്യുന്ന മഴയും യാത്രക്കാരെ വലയ്ക്കുന്നതില്‍ പ്രകധാന പങ്കു വഹിക്കുന്നു. മണിക്കൂറുകളാണ് ജനം ഗതാഗതക്കുരുക്കില്‍ വലയുന്നത്. പൊട്ടിപൊളിഞ്ഞ റോഡുകളും കുഴിയും തൃപ്പൂണിത്തുറ, തേവര, എംജിറോഡ്, പേട്ട-കുണ്ടന്നൂര്‍ റോഡ് എന്നിവിടങ്ങളിലൊക്കെ യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.
വൈറ്റിലയിലും കുണ്ടന്നൂരും മേല്‍പാലം നിര്‍മ്മാണവും തകര്‍ന്ന റോഡുകളും, റോഡുകള്‍ക്ക് വീതിയില്ലാത്തതും യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുന്നു. വൈറ്റിലയിലെ അണ്ടര്‍പാസിലും റോഡിന്റെ അവസ്ഥ ഇതുതന്നെയാണ്. പ്രധാന റോഡുകള്‍ ഒഴിവാക്കി ഇടറോഡുകളെ ആശ്രയിക്കുമ്പോള്‍ വഴികള്‍ക്ക് വീതി ഇല്ലാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വൈറ്റിലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ അരൂര്‍, തൃപ്പൂണിത്തുറ  ഭാഗങ്ങളില്‍  നിന്നുള്ള വാഹനങ്ങള്‍ കുണ്ടന്നൂരില്‍ നിന്ന് തേവര വഴി തിരിച്ച്് വരുന്നതോടെ കുണ്ടന്നൂരും തേവര റോഡും നിശ്ചലമാവുന്നു. ഈവഴിയില്‍ ചില സ്ഥലത്ത് റോഡിന് വീതി കുറവായതിനാല്‍ ഇരുവശങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ കുരുക്കില്‍ കുരുങ്ങുന്നത് നിത്യസംഭവമാണ്. റോഡിലെ കുഴി ഒഴിവാക്കാന്‍ വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിടുന്നത് നിരവധി അപകടങ്ങള്‍ക്ക് വഴിവെക്കുന്നു.
എംജി റോഡില്‍ രാവിലെയും വൈകീട്ടും വാഹനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച പതിവാണ്. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ സൗത്ത് ജങ്ഷന്‍ വരെ മെട്രോ റെയില്‍ നിര്‍മാണം കാരണം നേരത്തെയുണ്ടായിരുന്ന നാലുവരി ഗതാഗതം രണ്ടു വരിയായി ചുരുക്കി. ഇരു വശങ്ങളിലേക്കും ഒറ്റവരിയായാണ് വാഹനങ്ങള്‍ കടന്നുപോകുന്നത്. ഇവിടെയും റോഡ് തകര്‍ന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
എംജി റോഡില്‍ നിന്ന് എറണാകുളം സൗത്ത് റെയില്‍വേസ്‌റ്റേഷനിലേക്കുള്ള പ്രധാന വഴികളെല്ലാം മെട്രോ നിര്‍മാണത്തിന് വേണ്ടി ബ്ലോക്ക് ചെയ്തതും നഗരത്തില്‍ ഗതാഗതക്കുരുക്കിന് കാരണമായി. ഇവിടെ റോഡ് കുത്തിപൊളിച്ചിരിക്കുന്നതുമൂലം കാല്‍നടയാത്രപോലും അസാധ്യമാണ്.

RELATED STORIES

Share it
Top