വൈറോളജി ലാബും ഐസൊലേറ്റഡ് ബ്ലോക്കും സ്ഥാപിക്കണമെന്ന്

കോഴിക്കോട്: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വൈറോളജി ലബോറട്ടറിയും ഐസോലേറ്റഡ് ബ്ലോക്കും സ്ഥാപിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗമാണ് പ്രമേയത്തിലൂടെ ഈ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് കാംപസില്‍ പ്രത്യേക കെട്ടിടത്തില്‍ ഐസൊലേറ്റഡ് ബ്ലോക്ക് സ്ഥാപിക്കണം. നിപാ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനായി സാംപിളുകള്‍ മംഗളൂരുവിലും പൂനയിലുമെല്ലാം അയക്കേണ്ടിവന്ന സാഹചര്യത്തിലാണ് കൗണ്‍സിലില്‍ ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവന്നത്.
ആരോഗ്യ സ്ഥിരംസമിതി ചെയര്‍മാന്‍  കെ വി ബാബുരാജ് ആണ് ഐസൊലേറ്റഡ് ബ്ലോക്ക് എന്ന ആവശ്യം ശ്രദ്ധക്ഷണിക്കലൂടെ ഉന്നയിച്ചത്. നമ്പിടി നാരായണന്‍, തോമസ് മാത്യു എന്നിവര്‍  വൈറോളജി ലാബ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയും ഉന്നയിച്ചു.
ഐസൊലേറ്റഡ് ബ്ലോക്ക് ഇല്ലാത്തതുകൊണ്ടാണ് പലര്‍ക്കും നിപാ വൈറസ് ബാധയുണ്ടായതും ജീവന്‍ നഷ്ടമായതും. ഐസൊലേറ്റഡ് വാര്‍ഡ് അല്ല പ്രത്യേക കെട്ടിടം തന്നെ അതിനായി ഉണ്ടാവണമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.
നഗരത്തില്‍ നിപാ ബാധിച്ച് മരിച്ചവരുടെ സംസ്‌കാരമടക്കമുള്ള കാര്യങ്ങളില്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫിസര്‍ ഗോപകുമാറിന്റെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും കൗണ്‍സില്‍ അദ്ദേഹത്തെ അഭിനന്ദിക്കേണ്ടതാണെന്നും മേയര്‍ അഭിപ്രായപ്പെട്ടു. നഗരം നേരിടുന്ന മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട സമയമാണിത്.
ഓരോ കൗണ്‍സിലര്‍മാരും സ്വന്തം വാര്‍ഡിലെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിച്ചാല്‍ തന്നെ നഗരത്തിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനാവും. നിപാ വൈറസ് ബാധയില്‍ ജനങ്ങള്‍ ഭയത്തിലാണെന്ന് നമ്പിടി നാരായണന്‍ പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കുന്നുകൂടുന്ന പ്രശ്‌നത്തെ ഗൗരവമായി കാണണം. വാര്‍ഡ് തലത്തില്‍ വ്യാപകമായി മാലിന്യം ഇല്ലാതാക്കാന്‍ ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈസന്‍സില്ലാത്ത കച്ചവടക്കാര്‍ ഭക്ഷണവിതരണം നടത്തുന്നുണ്ടെങ്കില്‍ നിര്‍ത്തലാക്കുമെന്ന് മേയര്‍ പറഞ്ഞു. വൈറോളജി ലാബിനേയും ഐസൊലേറ്റഡ് ബ്ലോക്കിനേയുമൊക്കെ ജനങ്ങള്‍ എതിര്‍ക്കാന്‍ ഇടയുണ്ടെന്നും അവ സ്ഥാപിക്കുക പ്രയോഗികമല്ലെന്നുമുള്ള വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍ മാസ്റ്ററുടെ അഭിപ്രായവും കൗണ്‍സിലില്‍ വേറിട്ടു നിന്നു.

RELATED STORIES

Share it
Top