വൈപ്പിന്‍ കരക്കാര്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കി കലക്ടറുടെ ബസ് യാത്ര

വൈപ്പിന്‍: വൈപ്പിന്‍ കരയില്‍ നിന്നുള്ള സ്വകാര്യ ബസുകളുടെ നഗര പ്രവേശനത്തിന് പുതിയ പ്രതീക്ഷകള്‍ നല്‍കി ജില്ലാ കലക്ടര്‍ കെ മുഹമ്മദ് വൈ സഫീറുല്ലയുടെ ബസ് യാത്ര. വെള്ളിയാഴ്ച എറണാകുളത്ത് നിന്ന് ബോട്ടില്‍ വൈപ്പിന്‍ ജെട്ടിയിലെത്തിയ ശേഷമായിരുന്നു ബസ് യാത്ര.
വൈപ്പിന്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്വകാര്യ ബസ്സില്‍ കയറിയ ജില്ലാ കലക്ടര്‍ ബസ്സിലെ യാത്രക്കാരുമായി സംവദിച്ചു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് അവര്‍ ജില്ലാ കലക്ടറുടെ മുന്‍പില്‍ അവതരിപ്പിച്ചത്. ഗോശ്രീ ബസുകളുടെ നഗരപ്രവേശം, ധാരണ പ്രകാരമുള്ള ബസുകള്‍ ഫോര്‍ട്ടു വൈപ്പിന്‍ ബസ് സ്റ്റാന്‍ഡിലെത്തുക, രാത്രി ഹൈക്കോടതി കവലയില്‍ നിന്നുള്ള സര്‍വീസ് ഉറപ്പാക്കുക.
ഇക്കാര്യങ്ങളില്‍ വേണ്ട നപടിയുണ്ടാവുമെന്ന്  കലക്ടര്‍ അവര്‍ക്ക് ഉറപ്പ് നല്‍കി. ബസുകളുടെ നഗരപ്രവേശനത്തിന് അനുകൂലമായി നിലപാടാണ് സര്‍ക്കാരിനെന്ന് ജില്ലാ കലക്ടര്‍ സൂചിപ്പിച്ചു.
വൈപ്പിനില്‍ നിന്നുള്ള സ്വകാര്യബസുകള്‍ക്ക് നഗരത്തിലേക്ക് പ്രവേശനം അനുവദിക്കണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവേണ്ടതുണ്ടെന്ന് കലക്ടറോടൊപ്പം യാത്രയില്‍ ഉണ്ടായിരുന്ന ആര്‍ടിഒ ജോളി പി ജോസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ ബസുടമകള്‍ നല്‍കിയ അന്യായവും കോടതിയിലുണ്ട്.
സര്‍ക്കാര്‍ തീരുമാനമായാല്‍ ഇവയൊക്കെ മറികടക്കാനാവുമെന്നാണ് സൂചന.

RELATED STORIES

Share it
Top