വൈപ്പിന്‍കരയിലെ തെക്കന്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷം

വൈപ്പിന്‍: വൈപ്പിന്‍കരയിലെ തെക്കന്‍ മേഖലയില്‍ യാത്രാക്ലേശം രൂക്ഷമാകുന്നു. തെക്കന്‍ മേഖലയിലുണ്ടായിരുന്ന ഷട്ടില്‍ സര്‍വീസുകളും തിരുകൊച്ചി ബസുകളും മുടങ്ങുന്നതാണ് യാത്രാ ദുരിതത്തിന് കാരണമാകുന്നത്. ഇതോടെ രാവിലെ നഗരത്തിലേക്ക് ജോലിക്കും പഠനത്തിനുമായി പോകുന്നവരടക്കമുള്ളവരുടെ യാത്രയാണ് ദുരിതത്തിലാകുന്നത്.
മിനിറ്റുകളുടെ ഇടവേളകളില്‍ ബസ് സര്‍വീസ് ഉണ്ടായിരുന്ന റൂട്ടില്‍ ഏറെ നേരം കാത്തു നിന്നശേഷമാണ് ആളുകള്‍ ബസില്‍ കയറിപ്പറ്റുന്നത്. പറവൂരില്‍ നിന്നും മുനമ്പത്തു നിന്നും എത്തുന്ന ബസുകള്‍ നായരമ്പലം ഭാഗത്ത് എത്തുന്നതോടെ യാത്രക്കാരെ കൊണ്ട് നിറയുന്ന നിലയിലാണ്.
ഇതുമൂലം തെക്കു ഭാഗത്തേക്ക് പോകുന്തോറും ഒട്ടുമിക്ക സ്‌റ്റോപ്പുകളിലും ബസ് നിര്‍ത്തി യാത്രക്കാരെ കയറ്റാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. ആളിറങ്ങാനില്ലെങ്കില്‍ സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്താറില്ല. നിര്‍ത്തുകയാണെങ്കില്‍ തന്നെ സ്റ്റോപ്പില്‍ നിന്ന് മാറ്റിയാണ് നിര്‍ത്തുന്നത്.
ജോലിക്കും പഠനത്തിനുമായി നഗരത്തിലേക്കെത്തേണ്ട സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ ഇതുമൂലം ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇരുപത്തിരണ്ട് തിരുകൊച്ചി ബസുകളാണ് വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തിയിരുന്നത്. ഇതില്‍ പലതും പലകാരണങ്ങളാല്‍ നിലച്ച സ്ഥിതിയാണുള്ളത്.
രാവിലെ തിരുകൊച്ചി ബസുകളില്‍ നല്ലരീതിയില്‍ യാത്രക്കാരുണ്ടായിരുന്നു. പിന്നീടുള്ള സമയങ്ങളില്‍ വേണ്ടത്ര യാത്രക്കാര്‍ ഇല്ലാത്തതാണ് ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കാന്‍ കാരണമായതെന്നാണ് സൂചന. ബസുകള്‍ മാറി കയറാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്രക്കാര്‍ക്ക് എത്തിചേരാന്‍ കഴിയുമെന്നതിനാല്‍ ഈ സര്‍വീസുകള്‍ ജനങ്ങള്‍ക്ക് ഉപകാരമായിരുന്നു.

RELATED STORIES

Share it
Top