വൈദ്യുത വിതരണ ശൃംഖല വികസനം : പതിമൂന്നാം ഘട്ട കരാര്‍ സീമന്‍സിന്‌ദോഹ: രാജ്യത്തെ വൈദ്യുതി വിതരണ ശൃംഖല വികസിപ്പക്കുന്നതിനായി കഹ്‌റമ നടപ്പിലാക്കുന്ന പദ്ധതിയുടെ പതിമൂന്നാം ഘട്ടത്തിന്റെ കരാര്‍ സീമന്‍സ് കമ്പനിക്ക്. 310 കോടി റിയാലിനാണ് രാജ്യത്തെ ഏറ്റവും വലിയ വൈദ്യുത പദ്ധതി കരാറിന് സീമന്‍സ് അര്‍ഹത നേടിയത്. പദ്ധതിയുടെ ഭാഗമായി 35 വൈദ്യുതി സബ്‌സ്റ്റേഷനുകളാണ് സീമന്‍സ് നിര്‍മിച്ച് കൈമാറുക. പുതിയ പദ്ധതി രണ്ടു വര്‍ഷത്തിനകമാണ് പൂര്‍ത്തിയാക്കേണ്ടത്. ഡിസൈന്‍, എന്‍ജിനീയറിങ്, വിതരണം, ഇന്‍സ്റ്റലേഷന്‍, കൈമാറ്റം തുടങ്ങിയ ചുമതലകളെല്ലാം സീമസന്‍സ് കമ്പനിയാണ് വഹിക്കേണ്ടത്. 400, 220, 132, 66, 11    കെവി വോള്‍ട്ടേജ് ലെവലിലുള്ള സബ്‌സ്റ്റേഷനുകളാണ് കമ്പനി നിര്‍മിക്കുക. ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍, ട്രാന്‍സ്‌ഫോര്‍മറുകള്‍, നിയന്ത്രണ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടെയായിരിക്കും സ്റ്റേഷനുകള്‍. 2005ല്‍ ആരംഭിച്ച വൈദ്യുതി വികസന പദ്ധതികളുടെ ഭാഗമായി 120ലധികം സബ് സ്റ്റേഷനുകളും 1500 കിലോമീറ്റര്‍ ഹൈ വോള്‍ട്ടേജ് കേബിളുകളും രാജ്യത്ത് കമ്പനി സ്ഥാപിച്ചിട്ടുണ്ടെന്ന് സീമന്‍സ് എനര്‍ജി മാനേജ്‌മെന്റ് ഡിവിഷന്‍ സിഇഒ റാഫ് ക്രിസ്റ്റ്യന്‍ പറഞ്ഞു. പുതിയ കരാര്‍ കൂടി ചേരുമ്പോള്‍ കഹ്‌റമക്കു വേണ്ടി സീമെന്‍സ് ഏറ്റെടുക്കുന്ന പദ്ധതികള്‍ ഏകദേശം 2.5 ബില്യന്‍ യൂറോയുടെതാകും. പുതിയ കരാര്‍ പ്രകാരം ദോഹയില്‍ നിലവിലുള്ള മള്‍ട്ടിപ്പിള്‍ വോള്‍ട്ടേജ് സെറ്റിങ്‌സ് സൗകര്യമുള്ള സൂപ്പര്‍ സബ്‌സ്റ്റേഷന്‍ 400 കെവി/220 കെവി ഗ്യാസ് ഇന്‍സുലേറ്റഡ് സ്വിച്ച്ഗിയര്‍ സബ്‌സ്റ്റേഷനായി വികസിപ്പിക്കും. കൂടാതെ അല്‍ജഹാനിയയിലെയും പരിസര പ്രദേശങ്ങളിലെയും വര്‍ധിച്ചു വരുന്ന വൈദ്യുതി ആവശ്യം നികത്താനുള്ള പദ്ധതി, റയ്യാന്‍ ലോകകപ്പ് സ്റ്റേഡിയത്തിലേക്കുള്ള താല്‍ക്കാലിക പവര്‍ ഫീഡ് എന്നിവയും ഉള്‍പ്പെടുന്നു. മിസഈദ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സ്റ്റീല്‍, ഓയില്‍, ഗ്യാസ്, പെട്രോകെമിക്കല്‍ കമ്പനികളിലേക്ക് വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനും സബ്‌സ്റ്റേഷനുകള്‍ നിര്‍മിക്കും. നിലവില്‍ ദോഹയിലും പരിസരങ്ങളിലും നിര്‍മാണത്തിലിരിക്കുന്ന സ്‌കൂളുകള്‍, ആശുപത്രികള്‍, വ്യവസായ പദ്ധതികള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍ എന്നിവിടങ്ങളിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള സബ്‌സ്റ്റേഷനുകളും പദ്ധതിയിലുണ്ട്. പതിമൂന്നാം ഘട്ട വൈദ്യുതി വിതരണ പദ്ധതിക്കു പുറമേ 2,170 മീഡിയം വോള്‍ട്ടേജ് സ്വിച്ച്ഗിയര്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനുള്ള   മറ്റൊരു കരാറും കഹ്‌റമയില്‍നിന്നു സീമന്‍സിനു ലഭിച്ചതായി കമ്പനി അറിയിച്ചു. ഫ്രാങ്ക്ഫര്‍ട്ടിലാണ് സ്വിച്ച്ഗിയറുകള്‍ നിര്‍മിക്കുക. രാജ്യത്ത് സ്ഥാപിക്കുന്ന ആദ്യ യൂനിറ്റ് ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകും. 27 ദശലക്ഷം യൂറോയുടെതാണ് കരാറെന്നും കമ്പനി വെളിപ്പെടുത്തി.

RELATED STORIES

Share it
Top