വൈദ്യുതി വിഭാഗത്തിന്റെ പിടിച്ചുപറി; പ്രതിഷേധം പുകയുന്നു

തൃശൂര്‍: കെഎസ്ഇബി നിരക്കിനേക്കാള്‍ അധികരിച്ച നിരക്ക് വൈദ്യുതി ഉപഭോക്താക്കളില്‍ നിന്നു പിടിച്ചുപറിക്കുന്ന കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ നിലപാടില്‍ പ്രതിഷേധം കനക്കുന്നു.
പഴയ മുനിസിപ്പല്‍ പ്രദേശത്തെ ഉപഭോക്താക്കളെ കൊള്ളയടിക്കാന്‍ സിപിഎം ഭരണനേതൃത്വം കൂട്ടുനില്ക്കുന്നുവെന്നാണ് ആരോപണമുയരുന്നത്. ഇടതുമുന്നണി ഘടകകക്ഷികളിലും സിപിഎം കൗണ്‍സിലര്‍മാരിലും കോണ്‍ഗ്രസ്സിലും ഇതിനെതിരായ വികാരം ശക്തമാണ്. സേവനനിരക്കുകള്‍ നിശ്ചയിക്കാനുള്ള അധികാരം ഉടമസ്ഥരായ കോര്‍പ്പറേഷന്‍ കൗണ്‍സിലിനല്ല ശമ്പളക്കാരായ ജീവനക്കാര്‍ക്കാണെന്നാണ് വൈദ്യുതിവിഭാഗത്തിന്റേയും മേയറുടേയും നിലപാടെന്നും വിമര്‍ശനം. വിഷയം ചര്‍ച്ച ചെയ്യുന്നതിന് തിങ്കളാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗം പ്രക്ഷുബ്ധമാകാന്‍ സാധ്യതയുമേറി.
ഇലക്ട്രിസിറ്റി ബോര്‍ഡിലെ സേവനം വേതന വ്യവസ്ഥകള്‍ മാനദണണ്ഡമാക്കി വര്‍ഷങ്ങളായി കൗണ്‍സില്‍ നയ—പരമായ തീരുമാനം നിലനില്‍ക്കേ നിരക്കുവര്‍ധന നയപരമായ തീരുമാനമല്ലെന്നും ശമ്പളക്കാരുടെ അവകാശമാണെന്നുമുള്ള വൈദ്യുതി വിഭാഗത്തിന്റേയും മേയറുടെയും കൗണ്‍സില്‍ അജന്‍ഡയിലെ വിശദീകരണവും ചോദ്യം ചെയ്യപ്പെട്ടേക്കും.
കഴിഞ്ഞ മൂന്ന് വര്‍ഷമായി വൈദ്യുതി ബോര്‍ഡിനേക്കാള്‍ കൂടുതല്‍ സേവന നിരക്കുകളാണ് പഴയ നഗരസഭാ പ്രദേശത്തെ ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്നതെന്നാണ് അജന്‍ഡയിലെ വിശദീകരണം. അധിക ചാര്‍ജ് വാങ്ങാനുള്ള തീരുമാനം കൗണ്‍സിലര്‍മാര്‍ അറിഞ്ഞിട്ടില്ല. ഉപഭോക്താക്കളും അറിഞ്ഞിട്ടില്ല. കോസ്റ്റ്ഡാറ്റ പെറ്റീഷന്‍ റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചത് കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വൈദ്യുതിവിഭാഗം അജന്‍ഡയില്‍ തന്നെ വിശദീകരിക്കുന്നത്. കൗണ്‍സിലര്‍മാര്‍ക്ക് മനസ്സിലാകാത്തത് ജീവനക്കാരുടെ കുറ്റമല്ലല്ലോ. അറിയേണ്ട കാര്യമേയുള്ളൂ അംഗീകാരം ആവശ്യമില്ലെന്ന വാദം മേയറും അംഗീകരിക്കുന്നു. സ്ഥിരം സമിതികളേയും സ്റ്റിയറിങ്ങ് കമ്മിറ്റിയേയും കൗണ്‍സിലിനെയും നോക്കുകുത്തികളാക്കി കോര്‍പ്പറേഷനില്‍ നടമാടുന്ന ജനാധിപത്യ ധ്വംസന ഭരണത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൗണ്‍സില്‍ പോലും അറിയാതെയുള്ള നിരക്ക് വര്‍ധന തീരുമാനമെന്നാണ് പ്രിതപക്ഷാരോപണം.
പുതിയ നിരക്കനുസരിച്ച് സിംഗിള്‍ ഫെയ്‌സ് കണക്ഷന് വൈദ്യുതി ബോര്‍ഡില്‍ 2073 രൂപയാണ് നിരക്കെന്നിരിക്കെ കോര്‍പ്പറേഷനില്‍ 2320 രൂപ ഉപഭോക്താവ് നല്‍കണം. ഒരു പോസ്റ്റിട്ട് സിംഗിള്‍ ഫെയ്‌സ് കണക്ഷന്‍ നല്‍കാന്‍ 8950 രൂപ നല്‍കണം. ബോര്‍ഡില്‍ 7906 രൂപയേ നല്‍കേണ്ടതുള്ളൂ. അങ്ങിനെ 76 ഇനങ്ങളിലാണ് വര്‍ധന്. ബോര്‍ഡിനേക്കാള്‍ 15 ശതമാനം വരെയാണിത്.
ഡെപ്യൂട്ടി മേയര്‍ ഉള്‍പ്പടെ എല്ലാ എല്‍ഡിഎഫ് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരും കോണ്‍ഗ്രസ് പ്രതിപക്ഷവും കൗണ്‍സിലറിയാതെയുള്ള വൈദ്യുതിനിരക്ക് കൊള്ളക്കെതിരായ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ പ്രതിപക്ഷത്തുള്ള ബി.ജെപി കൗണ്‍സിലര്‍മാര്‍ പ്രതികരിച്ചിട്ടില്ല.

RELATED STORIES

Share it
Top