വൈദ്യുതി വകുപ്പ് എന്‍ജിനീയറെ മര്‍ദിച്ചു; 5 സിപിഎം നേതാക്കള്‍ റിമാന്‍ഡില്‍

കുമളി: വൈദ്യുതി വകുപ്പ് സബ് എന്‍ജിനീയറെ ഓഫീസില്‍ കയറി മര്‍ദിച്ച കേസില്‍ ഗ്രാമപഞ്ചായത്ത് അംഗം ഉള്‍പ്പെടെ അഞ്ച് സി.പി.എം പ്രവര്‍ത്തകരെ കോടതി റിമാന്റ് ചെയ്തു. കുമളി ഗ്രാമപഞ്ചായത്ത് അംഗം എന്‍.എസ് പ്രജീഷ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ആര്‍ കുട്ടപ്പന്‍, സാബു, രാജീവ്, എന്‍.എ. വിനോദ് കുമാര്‍ എന്നിവരെയാണ് പീരുമേട് കോടതി റിമാന്റ് ചെയ്തത്. വൈദ്യുതി വകുപ്പ് കുമളി സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍ എം. രാജനെ ഓഫീസില്‍ കയറി മര്‍ദ്ധിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കോടതി നടപടികള്‍ ഉണ്ടായിട്ടുള്ളത്. 2016 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. കുമളി സെക്ഷന്‍ ഓഫീസില്‍ നിന്നും 2014ല്‍ പിരിച്ചു വിട്ട താല്‍ക്കാലിക മീറ്റര്‍ റീഡറെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സി  പി എം പ്രവര്‍ത്തകര്‍ രാജനെ സമീപിച്ചിരുന്നു. എന്നാല്‍ മീറ്റര്‍ റീഡറെ നിയമിക്കുന്നത് ബോര്‍ഡ് നേരിട്ടാണെന്നും തനിക്കിതില്‍ ഇടപെടാന്‍ അധികാരമില്ലെന്നും രാജന്‍ അറിയിച്ചിരുന്നു. മാത്രമല്ല മീറ്റര്‍ റീഡര്‍ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്നതിന് ഒരു ദിവസം കൂടിയുണ്ടെന്നും അപേക്ഷ നല്‍കിയാല്‍ നടപടി സ്വീകരിക്കാമെന്ന് അന്ന് ഓഫീസിന്റെ ചുമതല ഉണ്ടായിരുന്ന എം.രാജന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ  ഗ്രാമപഞ്ചായത്ത് അംഗം പ്രജീഷിന്റെ നേതൃത്വത്തിലെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഓഫീസ് മുറിക്കുള്ളില്‍ മര്‍ദ്ധിക്കുകയുമായിരുന്നുവെന്നും കാണിച്ച് ഇയാള്‍ കുമളി പോലിസില്‍ പരാതി നല്‍കിയിരുന്നു. പോലിസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിരുന്നില്ല. പല തവണ ഇവര്‍ക്ക് സമന്‍സ് അയച്ചിരുന്നെങ്കിലും ഇവര്‍ കോടതിയില്‍ ഹാജരായിരുന്നില്ല. വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് ഹാജരായ ഇവരെ പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്യുകയായിരുന്നു. ഇവരുടെ മര്‍ദ്ധനത്തെ തുടര്‍ന്ന് രാജന്റെ വലതു ചെവിയുടെ കര്‍ണപുടം തകര്‍ന്നിരുന്നു. വലതു ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് രാജന്‍ ഇപ്പോഴും ചികിത്സിലാണ്.

RELATED STORIES

Share it
Top