വൈദ്യുതി വകുപ്പിന്റെ സ്റ്റേ തൂണുകള്‍ കര്‍ഷകര്‍ക്ക് ദുരിതമാവുന്നുഎടത്വ: വൈദ്യുതി വകുപ്പ് പാടശേഖരങ്ങളില്‍ നാട്ടിയിരിക്കുന്ന സ്‌റ്റേ തൂണും അതില്‍ ബന്ധിച്ചിരിക്കുന്ന സ്‌റ്റേക്കമ്പിയും കര്‍ഷകര്‍ക്കു ദുരിതമാവുന്നു.  വര്‍ഷങ്ങള്‍ക്കു മുന്‍പ് പാടശേഖര ബണ്ടോ, നടപ്പാതയോ, റോഡോ ഇല്ലാതിരുന്ന കാലത്ത് മോട്ടോര്‍ തറയിലേക്കും, എതിര്‍ ദിശയില്‍ താമസിക്കുന്ന വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിനായി പാടശേഖരങ്ങള്‍ക്ക് നടുവിലൂടെയും അല്ലാതെയും നിരവധി പോസ്റ്റുകള്‍  ഇട്ട് ലൈന്‍ കമ്പി വലിക്കുകയായിരുന്നു ചെയ്തിരുന്നത്. പോസ്റ്റ് മറിഞ്ഞു വീഴാതിരിക്കാന്‍ അതിനെല്ലാം ഇരുവശത്തേക്കും സ്‌റ്റേക്കുറ്റി നാട്ടി കമ്പിവലിച്ചു കെട്ടുകയായിരുന്നു.  പോസ്റ്റില്‍ നിന്നും മൂപ്പതുമീറ്റര്‍ വരെ അകലത്താലായിരുന്നു കുറ്റി നാട്ടിയിരുന്നത്. അബദ്ധത്തില്‍ കമ്പിയില്‍ തട്ടിയാല്‍ പോലും ഷോക്കേല്‍ക്കാതിരിക്കാന്‍ കമ്പി ഇടയ്ക്കു വച്ച് മുറിച്ച് ഷാക്കിള്‍ ബന്ധിപ്പിച്ചായിരുന്നു സ്‌റ്റേ വലിച്ച് കെട്ടിയിരുന്നത്. ഇപ്പോള്‍ ഷാക്കിള്‍ ഇല്ലാതെ നിരുത്തരവാദപരമായി പലസ്ഥലത്തും സ്‌റ്റേക്കമ്പി കെട്ടിയിരിക്കുകയാണ്. മാത്രമല്ല പലതും കുറ്റിയില്‍ നിന്ന് വിട്ട് പാടത്ത് വെള്ളത്തില്‍ അലസമായി കിടക്കുകയുമാണ്. ഈ  സ്ഥലത്ത് കൃഷിചെയ്യാന്‍ കഴിയാത്ത അവസ്ഥയിലും ഏതു നിമിഷവും അപകടം സംഭവിക്കാവുന്ന അവസ്ഥയിലുമാണുള്ളത്. വെള്ളപ്പൊക്ക കാലത്താണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. മേയാന്‍ വിട്ടിരുന്ന കന്നുകള്‍ സ്‌റ്റേക്കമ്പിയില്‍ തട്ടി ചത്ത സംഭവവും സ്‌റ്റേക്കമ്പി പൊട്ടി വെള്ളത്തില്‍ കിടന്ന് തൊഴിലാളി മരിച്ച സംഭവവും കുട്ടനാട്ടില്‍ നിരവധിയാണ്. വെള്ളപ്പൊക്കത്തില്‍ ജലനിരപ്പുയരുകയും  പാടശേഖങ്ങരളില്‍ കൂടി കടന്നു പോയിട്ടുള്ള വൈദ്യുത കമ്പിയും വെള്ളവും  തമ്മിലുള്ള അകലം കുറയുകയും ചെയ്യും. ഈ സമയങ്ങളില്‍  വളളത്തില്‍ പോകുന്നവരും മല്‍സബന്ധനത്തിനു പോകുന്നവരും അപകടത്തില്‍ പെടാറുണ്ട്.  വെള്ളപ്പൊക്ക സമയത്ത് നനഞ്ഞ കഴുക്കോല്‍ കമ്പിയില്‍ തട്ടിയാണ് കൂടുതലും അപകടം.  കാലം മാറിയതോടെ മിക്ക പടശേഖരങ്ങളുടെയും  വശങ്ങളില്‍ കൂടിയും  പാടശേഖരത്തിനു നടുവില്‍ കൂടിയും ധാരാളം റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പാടത്തുകൂടി പോകുന്ന പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാന്‍ അതിനാല്‍ത്തന്നെ യാതൊരു ബുദ്ധിമുട്ടുമില്ല. അടുത്ത കാലത്ത് പാടത്തു കൂടി കടന്നു പോയിരുന്ന തടിപോസ്റ്റുകള്‍ നീക്കം ചെയ്ത് കോണ്‍ക്രീറ്റു പോസ്റ്റുകള്‍ ആക്കിയിരുന്നു. പാടശേഖരങ്ങളില്‍ കൂടി കടന്നു പോകുന്ന പോസ്റ്റുകള്‍ കഴിവതും ഒഴിവാക്കി ബണ്ടില്‍ കൂടിയോ കരപ്രദേശത്തു കൂടിയോ ആക്കുകയും, നിരുത്തരവാദപരമായി കെട്ടിയിരിക്കുന്ന സ്‌റ്റേക്കമ്പികള്‍ സുരക്ഷിതമായി കെട്ടുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

RELATED STORIES

Share it
Top