വൈദ്യുതി ലൈനില്‍ തട്ടി തീപ്പിടിച്ചു; വൈക്കോല്‍ലോറി കത്തി നശിച്ചു

ഇരിട്ടി: വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറി വൈദ്യുതി ലൈനില്‍ തട്ടി തീപിടിച്ച് കത്തി നശിച്ചു. നെല്ലിക്കാംപൊയില്‍ സ്വദേശി സോജന്റെ ലോറിക്കാണ് തീപിടിച്ചത്. ഉളിക്കലിന് സമീപം നെല്ലിക്കാംപൊയില്‍ ചുള്ളിയോട് റോഡില്‍ ഇന്നലെ വൈകീട്ട് 4ഓടെയാണു അപകടം. വീരാജ്‌പേട്ടയില്‍ നിന്നു വൈക്കോല്‍ കയറ്റി വരികയായിരുന്ന ലോറി ചുള്ളിയോട് റോഡിലെ താണുകിടക്കുന്ന വൈദ്യുതി കമ്പിയില്‍ തട്ടി വൈക്കോലിന് തീപിടിക്കുകയായിരുന്നു. ഇരുഭാഗത്തും വീടുകള്‍ നിറഞ്ഞ ഇടുങ്ങിയ റോഡില്‍ വച്ച് തീപിടിച്ച് തീ ആളിപ്പടര്‍ന്നതോടെ സോജന്‍ ലോറി നൂറു മീറ്ററോളം മുന്നോട്ടെടുത്ത് വീടൊഴിഞ്ഞ സ്ഥലത്തു നിര്‍ത്തുകയായിരുന്നു. അഗ്‌നിശമനസേനയുടെ ഇരിട്ടിയില്‍ നിന്നു രണ്ടും പേരാവൂരില്‍ നിന്നു ഒരു യൂനിറ്റും ഉളിക്കല്‍ പോലീസും സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഓടിക്കൂടിയ പ്രദേശവാസികളും തീയണയ്ക്കാന്‍ ഏറെ സഹായിച്ചു. ലോറിയുടെ കാബിന്‍ അടക്കം കത്തി നശിച്ചു.

RELATED STORIES

Share it
Top