വൈദ്യുതി മുടക്കം; അര്‍ധരാത്രി നാട്ടുകാര്‍ വൈദ്യുതി ഓഫിസ് ഉപരോധിച്ചു

കണ്ണൂര്‍: മുന്നറിയിപ്പില്ലാതെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങിയതില്‍ പ്രകോപിതരായ നാട്ടുകാര്‍ കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കഴിഞ്ഞ ദിവസം കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പകല്‍ വൈദ്യുതി മുടങ്ങുമെന്നു കെഎസ്ഇബി അധികൃതര്‍ പത്രങ്ങളിലൂടെ പൊതുജനങ്ങളെ അറിയിച്ചിരുന്നു.
എന്നാല്‍ രാത്രി 10.30 ആയിട്ടും വൈദ്യുതി എത്താത്തതാണ് പന്നേന്‍പാറ, അലവില്‍, ചാലാട്, മണല്‍ പ്രദേശങ്ങളിലെ ജനങ്ങളെ പ്രകോപിതരാക്കിയത്. ഇവര്‍ പള്ളിക്കുന്ന് കെഎസ്ഇബി ഓഫിസ് ഉപരോധിച്ചു. രാത്രി 10.30ന് ആരംഭിച്ച സമരം ഇന്നലെ പുലര്‍ച്ചെ 4.30 വരെ നീണ്ടു. തുടര്‍ന്ന് കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ ചര്‍ച്ച നടത്തിയെങ്കിലും വൈദ്യുതി വരാതെ പിരിഞ്ഞുപോവില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
സംഭമറിഞ്ഞ് ടൗണ്‍ പോലിസ് സ്ഥലത്തെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ അഴീക്കല്‍ ഫീഡറില്‍നിന്ന് വൈദ്യുതി എത്തിച്ച ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top