വൈദ്യുതി മുടക്കംതാലൂക്ക് ഓഫിസ് പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നു

പൊന്നാനി: വൈദ്യുതി നിലച്ചാല്‍ പൊന്നാനി താലൂക്ക് ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കും. വൈദ്യുതി മുടങ്ങിയാല്‍ കംപ്യൂട്ടറുകള്‍ നിലക്കുന്നതോടെ പ്രവര്‍ത്തികള്‍ നിശ്ചലമാവുകയാണ്.
പൊന്നാനി താലൂക്കിലുള്ളവര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പ്രധാന ഓഫീസിലാണ് വൈദ്യുതി മുടങ്ങിയാല്‍ പകരം സംവിധാനമില്ലാത്തതിനാല്‍ വലയുന്നത്. സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം ഓണ്‍ലൈനായതോടെ മിനുട്ടുകള്‍ കൊണ്ട് ലഭിക്കേണ്ടത് ലഭിക്കുന്നില്ല. താലൂക്കിലെ റവന്യൂ വിഭാഗത്തിലാണ് യുപിഎസ് സംവിധാനമോ ,ജനറേറ്ററോ ഇല്ലാത്തതിനാല്‍ പ്രയാസം നേരിടുന്നത്.പതിമൂന്ന് ഓഫീസുകളാണ് റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിനു കീഴില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്നത്.
റവന്യൂ റിക്കവറി, ബിള്‍ഡിങ് ടാക്‌സ്, ലാന്റ് റിഫോര്‍മേഷന്‍, ലാന്റ് റെക്കോര്‍ഡ്‌സ്, ഇലക്ഷന്‍ വിഭാഗം തുടങ്ങി നിരവധി ഓഫീസുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ദുരിതാശ്വാസ സര്‍ട്ടിഫിക്കറ്റുകളും, ഭൂമി രേഖയുമായി ബന്ധപ്പെട്ട നിരവധി സര്‍ട്ടിഫിക്കറ്റുകളും അനുവദിക്കേണ്ടത് ഈ ഓഫീസുകളില്‍ നിന്നുമാണ്. അഞ്ച് കെവി ശേഷിയുള്ള യുപിഎസ് നേരത്തെ ഉണ്ടായിരുന്നെങ്കിലും രണ്ടു വര്‍ഷം മുമ്പ് യുപിഎസ് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ബാറ്ററികള്‍ കേടുവന്നതോടെയാണ് പ്രയാസമായത്. കേരള സ്‌റ്റേറ്റ് വൈഡ് ഏരിയ നെറ്റ് വര്‍ക്ക് ഇന്റര്‍നെറ്റാണ് ഓഫീസിലേക്കാവശ്യമായ നെറ്റ് കണക്ഷന്‍ ലഭ്യമാക്കുന്നത്. വൈദ്യുതി മുടങ്ങുന്നതോടെ നെറ്റ് കണക്ഷനും ലഭിക്കാത്ത സ്ഥിതിയാണ്.
നിലവില്‍ തഹസില്‍ദാറുടെ ഓഫീസിലേക്ക് പുറമെ നിന്ന് ലഭിച്ച യുപിഎസ് ഉള്ളതിനാല്‍ ഈ ഓഫീസിലെ കാര്യങ്ങള്‍ സുഗമമായി നടക്കുന്നുണ്ട്. പുതിയ യുപിഎസുകള്‍ ലഭിച്ചാല്‍ മാത്രമെ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രവര്‍ത്തനത്തിനു് വേഗത കൈവരികയുള്ളൂ.

RELATED STORIES

Share it
Top