വൈദ്യുതി ബില്‍ അടക്കാന്‍ ഇനി ക്യൂവില്‍ നില്‍ക്കണ്ട

പെരുമ്പാവൂര്‍: കെഎസ്ഇബിയുടെ പെരുമ്പാവൂര്‍ ഓഫിസില്‍ വൈദ്യുതി ബില്‍ അടക്കാന്‍ ഉപഭോക്താവിന് ക്യൂവില്‍ നില്‍ക്കാതെ പുതിയ സംവിധാനം ഒരുക്കി. ബില്‍ അടക്കാനെത്തുന്നവര്‍ക്ക് ഇരിക്കാന്‍  ആധുനിക സംവിധാനങ്ങളോടെ പുതിയ സൗകര്യങ്ങളൊരുക്കിയ ഓഫിസ് ഇന്നലെ മുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. നാലുകെട്ടിന്റെ മാതൃകയിലാണ് കെട്ടിടം ഒരുക്കിയിരിക്കുന്നത്.
വൈദ്യുതി ബില്‍ അടക്കുന്നവര്‍ ടോക്കണ്‍ മെഷീനില്‍ നിന്ന് ചീട്ടെടുത്ത് വിശ്രമിക്കാം. ഡിസ്—പ്ലേ ബോര്‍ഡില്‍ നമ്പര്‍ തെളിയുമ്പോള്‍ ബില്ലടക്കാനാണ് പുതിയ സംവിധാനം ഒരുക്കിയിട്ടുള്ളത്. ടെലിവിഷന്‍, കുടിവെള്ളം, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി സംബന്ധമായ സംശയങ്ങള്‍ തീര്‍ക്കാന്‍ അന്വേഷണ കൗണ്ടറില്‍ ജീവനക്കാരിയും സജ്ജമാണ്.
അപേക്ഷകളും പരാതികളുമെല്ലാം ഇവിടെ സ്വീകരിക്കും. പഴയ കെട്ടിടത്തിന്റെ മുന്‍വശം പൊളിച്ചാണ് സൗകര്യങ്ങളൊരുക്കിയത്.
കേരളത്തില്‍ കാസര്‍ഗോഡ്, ചവറ, ചേര്‍ത്തല തുടങ്ങിയ ഓഫിസുകളിലാണ് ടോക്കണ്‍ സംവിധാനത്തില്‍ വൈദ്യുതി അടക്കാന്‍ സംവിധാനമുള്ളൂ. ആധുനിക സംവിധാനങ്ങള്‍ ഒരുക്കിയ ഓഫിസ് മധ്യമേഖലയില്‍ ആദ്യത്തേതാണെന്ന് അധികൃതര്‍ അറിയിച്ചു.
ബോര്‍ഡിന്റെ ഫണ്ട് ഉപയോഗിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറുവരെ വൈദ്യുതി ബില്‍ അടക്കാന്‍ സൗകര്യമുണ്ടാകും. ചടങ്ങില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി എ നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് കാസിം, അസി. എന്‍ജിനീയര്‍ ടി കെ മണി സംബന്ധിച്ചു.

RELATED STORIES

Share it
Top