വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണുണ്ടായ അപകടത്തില്‍ നിന്ന് വിദ്യാര്‍ഥി അദ്ഭുതകരമായി രക്ഷപ്പെട്ടു

അത്താണി: ഉദയനഗറില്‍  ൈവദ്യുതി പോസ്റ്റ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിന്ന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. കെ.എസ്.ഇ.ബി.യു.ടെ അനാസ്ഥയാണ് അപകടകാരണമെന്ന് നാട്ടുകാര്‍.
നവനീതെന്ന 9 വയസുകാരന്റെ രണ്ടാം ജന്മമാണ്. സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ വൈദ്യുത പോസ്റ്റ് മറിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലും ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തിലുമാണ് അമ്പലപുരം എ.യു.പി.സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നവനീതും കുടുംബവും. രാവിലെ 8 മണി കഴിഞ്ഞ് സ്‌കൂളിലേക്ക് പോകുന്നതിനിടയിലാണ് വൈദ്യുത പോസ്റ്റ് നിലം പതിച്ചത്. വൈദ്യുത കമ്പികള്‍ ദേഹത്ത് വീണ് നവനീതും മറിഞ്ഞു വീഴുകയായിരുന്നു. ഈ സയമം വൈദ്യുതി പ്രവഹിക്കുന്നുണ്ടായിരുന്നെങ്കിലും കയ്യില്‍ കുടയുണ്ടായിരുന്നത് കൂടുതല്‍ രക്ഷയായി മാറി. ചെറുതായി ഷോക്കേറ്റെങ്കിലും വിദ്യാര്‍ഥി ഏണീക്കാതിരുന്നതാണ് ജീവന് ആപത്ത് സംഭവിക്കാതെ രക്ഷപ്പെടാന്‍ കാരണം. വൈദ്യുതി കമ്പികള്‍ക്കിടയില്‍ ഭയന്ന് വിറച്ച് കിടക്കുകയായിരുന്ന നവനീതിന് രക്ഷയായത് പിതാവ് വെള്ളാങ്കല്ലൂര്‍ വീട്ടില്‍ വിദ്യാധരന്റെ സമയോചിതമായ ഇടപെടലാണ്. നവനീതിനോട് എണിക്കാതെ പതുക്കെ കമ്പികള്‍ക്കിടയില്‍ നിന്ന് നിരങ്ങി നീങ്ങാന്‍ പിതാവ് ആവശ്യപ്പെടുകയായിരുന്നു.
അപകടം സംഭവിച്ച ശേഷം 20 മിനിറ്റോളം വൈദ്യുതി ഓഫ് ചെയ്യാതെ കിടന്നതും പ്രദേശവാസികളുവടെ ആശങ്ക വര്‍ദ്ധിപ്പിച്ചു. 3 വിദ്യാര്‍ഥികള്‍ ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോകാറുള്ളതെങ്കിലും ഇന്നലെ 3 പേരും 3 സമയങ്ങളില്‍ യാത്രചെയ്തതും വന്‍ ദുരന്തം ഒഴിവാക്കി. 5 ദിവസത്തിലേറെയായി വൈദ്യുത പോസ്റ്റ് കനത്തമഴയില്‍ അപകടരമായ വിധം ചരിഞ്ഞു കിടക്കുകയായിരുന്നുവെന്നും മേഖലയില്‍ വൈദ്യുതി ഉണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
എന്നാല്‍ നിരന്തരം പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ഇ.ബി ജീവനക്കാര്‍ കഴിഞ്ഞ ദിവസം രാത്രി 8 മണിക്ക് സ്ഥലത്തത്തി ചാഞ്ഞു കിടന്നിരുന്ന വൈദ്യുത പോസ്റ്റ് നിവര്‍ത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയായിരുന്നു.
പുതിയ കുഴിയെടുത്ത് പോസ്റ്റ് മാറ്റി സ്ഥാപിക്കാതിരുന്നതും പോസ്റ്റ് ശരിക്ക് ഉറപ്പിക്കാതെയും സ്‌റ്റേ കൊടുക്കാതെയും ഏണി ഉപയോഗിച്ച് വെറുതെ നിവര്‍ത്തി നിര്‍ത്തിയതുമാണ് ഇത് നിലംപതിക്കാന്‍ കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു. അതേസമയം കണ്‍മുമ്പില്‍ നടന്ന അപകടത്തിന്റെ ഞെട്ടല്‍ വിട്ടു മാറിയിട്ടില്ലെങ്കിലും ഒരു കുരുന്ന് ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് നാട്ടുകാരും നവനീതിന്റെ കുടുംബവും.

RELATED STORIES

Share it
Top