വൈദ്യുതി നിലച്ചു; നിയമസഭാ നടപടികള്‍ നിര്‍ത്തി

നാഗ്പൂര്‍: വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് മഹാരാഷ്ട്ര നിയമസഭ വെള്ളിയാഴ്ച ഒരു മണിക്കൂര്‍ നിര്‍ത്തി. മഴയെ തുടര്‍ന്ന് വെള്ളം കയറിയതിനാല്‍ സുരക്ഷ മുന്‍നിര്‍ത്തി വിധാന്‍സഭയിലേക്ക് വൈദ്യുതി നല്‍കുന്ന സ്വിച്ചിങ് കേന്ദ്രം അടയ്‌ക്കേണ്ടിവന്നിരുന്നു. ഇതാണ് നിയമസഭയില്‍ വൈദ്യുതി നിലയ്ക്കാന്‍ കാരണം. വ്യാഴാഴ്ച രാത്രി നാഗ്പൂര്‍ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ പലയിടങ്ങളിലും വെള്ളം കയറിയിരുന്നു.
വെള്ളിയാഴ്ച രാവിലെ 10നു സഭ ചേര്‍ന്നപ്പോള്‍ സ്വിച്ചിങ് കേന്ദ്രം അടച്ചതിനാല്‍ വൈദ്യുതിവിതരണം നിലച്ചതായി സഭയെ അറിയിച്ചത് സ്പീക്കര്‍ ഹരിഭാവു ബാഗ്‌ദെയാണ്. 11 മണി വരെ സഭ നിര്‍ത്തുന്നതായും അദ്ദേഹം പറഞ്ഞു. 11 മണിയായപ്പോള്‍ സുരക്ഷാഭടന്‍മാര്‍ തെളിച്ച മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് സ്പീക്കര്‍ സീറ്റിലെത്തിയത്. പിന്നീട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വിൡച്ചുകൂട്ടിയ വിവിധ കക്ഷിനേതാക്കളുടെ യോഗത്തിലാണ് സഭ ഒരുദിവസത്തേക്കു നിര്‍ത്താന്‍ തീരുമാനമായത്.
സഭയില്‍ വൈദ്യുതി നിലച്ചതില്‍ ബിജെപി ഭരിക്കുന്ന നാഗ്പൂര്‍ നഗരസഭയെ ശിവസേന വിമര്‍ശിച്ചു. ശിവസേന ഭരിക്കുന്ന മുംബൈ നഗരസഭയിലായിരുന്നു സംഭവമെങ്കില്‍ എല്ലാവരും ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനെതിരേ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമായിരുന്നുവെന്ന് സഭയിലെ ശിവസേനാ നേതാവ് സുനില്‍ പ്രഭു വാര്‍ത്താലേഖകരോട് പറഞ്ഞു.
മഹാരാഷ്ട്രയിലെ രണ്ടാമത്തെ പ്രധാന നഗരമാണ് നാഗ്പൂര്‍. നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. നിയമസഭാ നടപടികള്‍ മഴ തടസ്സപ്പെടുത്തുന്നില്ലെന്ന് നഗരസഭ ഉറപ്പുവരുത്തണമായിരുന്നു. മന്ത്രിമാരുടെ ബംഗ്ലാവുകളിലും നിയമസഭാംഗങ്ങളുടെ ക്വാര്‍ട്ടേഴ്‌സുകളിലും വെള്ളം കയറിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.
നിയമസഭയുടെ വര്‍ഷകാല സമ്മേളനമാണ് നാഗ്പൂരില്‍ നടക്കുന്നത്. അഴുക്കുചാലുകള്‍ വൃത്തിയാക്കാത്തതാവാം സ്വിച്ചിങ് കേന്ദ്രത്തില്‍ വെള്ളം കയറാന്‍ കാരണമെന്ന് ഊര്‍ജമന്ത്രി ചന്ദ്രശേഖര്‍ ബവാന്‍കുലെ പറഞ്ഞു. 1961ല്‍ നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആദ്യമായി നാഗ്പൂരില്‍ നടന്നപ്പോഴും വൈദ്യുതി നിലച്ചതിനാല്‍ നിര്‍ത്തിയിരുന്നു.

RELATED STORIES

Share it
Top