വൈദ്യുതി തകരാര്‍ : തൃപ്പൂണിത്തുറയില്‍ ജലക്ഷാമം രൂക്ഷംതൃപ്പൂണിത്തുറ: നഗരസഭാ പ്രദേശത്തെ ജല വിതരണം താറുമാറായി. ജലത്തിനു ലഭ്യതക്കുറവ് ഇല്ലെങ്കിലും വൈദ്യുതി തകരാറാണ് മേഖലയുടെ കുടിവെള്ളം മുട്ടിക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്ളവരാണ് ഏറ്റവും കഷ്ടപ്പെടുന്നത്. വാട്ടര്‍ അതോറിട്ടി ഓഫിസ് സ്ഥിതിചെയ്യുന്ന എരൂരിലടക്കം സ്ഥിതി രൂക്ഷമാണ്. പലയിടത്തും കിണറുകള്‍ വറ്റിയതോടെ കുടിവെള്ളത്തിനായി നാട്ടുകാര്‍ നെട്ടോട്ടമോടുകയാണ്. ഉദയംപേരൂരിലെ തീരദേശ മേഖലയിലും കുടിവെള്ളം കിട്ടാക്കനിയാണ്. ഏപ്രില്‍ 22 മുതലാണ് പ്രശ്‌നം തുടങ്ങിയതെന്നു വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറയുന്നു. അറ്റകുറ്റപ്പണിയുടെ പേരില്‍ വൈദ്യുതി ബന്ധം വിശ്ചേദിക്കുന്നതു കൂടാതെ വോള്‍ട്ടേജ് ക്ഷാമവും സ്ഥിതി രൂക്ഷമാക്കി. ചൂണ്ടി പദ്ധതിയില്‍നിന്നാണ് തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്തേക്ക് ശുദ്ധജലം വിതരണംചെയ്യുന്നത്. ചൂണ്ടിയിലും കരിങ്ങാച്ചിറയിലുമാണ് പമ്പിങ് സ്‌റ്റേഷനുകള്‍ ഉള്ളത്. കരിങ്ങാച്ചിറയിലെ തകരാറാണ് തൃപ്പൂണിത്തുറയെ ഏറ്റവും അധികം ബാധിച്ചത്. വോള്‍ട്ടേജ് ക്ഷാമമാണ് ഇവിടെ വില്ലന്‍. ഒന്നിടവിട്ട ദിവസങ്ങളിലെ പമ്പിങ് പോലും കൃത്യമായി നടത്താന്‍പറ്റാത്ത സ്ഥിതിയാണ്. ഇടയ്ക്ക് വേനല്‍മഴ കിട്ടിയതുകൊണ്ടുമാത്രമാണ് അല്‍പം ആശ്വാസമായത്. എരൂര്‍ പുത്തന്‍കുളങ്ങര ക്ഷേത്രക്കുളം ശുചിയാക്കാന്‍ വറ്റിച്ചതോടെ മേഖലയിലെ കിണറുകളിലും വെള്ളം ഇല്ലാതായി. ഇവിടെയാണ് ജലക്ഷാമം ഏറ്റവും രൂക്ഷം. കുപ്പിവെള്ളം വലിയ വില കൊടുത്ത് വാങ്ങിയാണ് കാര്യങ്ങള്‍ സാധിക്കുന്നത്. കുടുംബ ബജറ്റിന്റെ താളം തെറ്റുന്നതു കൂടാതെ വീട്ടിലും ജോലി സ്ഥലത്തും പ്രശ്‌നങ്ങളുണ്ടാവുന്നു. വേനല്‍ കടുത്തുവരുന്ന സാഹചര്യത്തില്‍ തൃപ്പൂണിത്തുറയിലെ ജലക്ഷാമത്തിനു പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് വിവിധ റസിഡന്റ്‌സ് അസോസിയേഷനുകള്‍ അറിയിച്ചു.

RELATED STORIES

Share it
Top