വൈദ്യുതി ഡ്യൂട്ടി പിഴപ്പലിശ ഒഴിവാക്കി കിട്ടാന്‍ വീണ്ടും ഹൈക്കോടതിയിലേക്ക്

തൃശൂര്‍: ഹൈക്കോടതി വിധി പോലും മാനിക്കാതെ തൃശൂര്‍ നഗരത്തിലെ ജനങ്ങളോട് അന്യായം ചെയ്ത സംസ്ഥാന സര്‍ക്കാരിനെതിരെ നീതിക്കായി വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനം. വൈദ്യുതി ഡ്യൂട്ടി ഇനത്തില്‍ 38 വര്‍ഷത്തെ കുടിശ്ശിക 25കോടി രൂപ അടക്കാനാവശ്യപ്പെട്ടുള്ള റവന്യു റിക്കവറി നടപടിയില്‍ പിഴ പലിശ സര്‍ക്കാര്‍ ഒഴിവാക്കി നല്‍കണമെന്ന ഹൈക്കോടതി വിധി മാനിക്കാതിരുന്നതിനെതിരെയാണ് കോര്‍പ്പറേഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.
സര്‍ക്കാരിന്റെ നീതി നിഷേധം ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗം ഹൈക്കോടതിയിലെ കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കൗ ണ്‍സല്‍ അഡ്വ:സന്തോഷ് പൊതുവാളിന് വൈദ്യുതി വിഭാഗം അസി.സെക്രട്ടറി കത്ത് നല്‍കി. പിഴപലിശ കുടിശ്ശിക ഒഴിവാക്കുന്നതിന് 11.4.2017 നായിരുന്നു ഹൈക്കോടതി ഇടക്കാല വിധിയില്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാനുമാണ് കത്തിലെ നിര്‍ദ്ദേശം. കോര്‍പ്പറേഷന്‍ എല്‍ഡിഎഫ് ഭരണസമിതി എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒരന്യായത്തെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുന്നത് ആദ്യമാണ്. സര്‍ക്കാരില്‍ നിന്നും നീതി ലഭിക്കാന്‍ ഇടപെടേണ്ടത് തൃശൂരിന്റെ എംഎല്‍എ എന്ന നിലയില്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ ബാധ്യതയാണെങ്കിലും സിപിഐ-സിപിഎം പോര് മൂലം സിപിഐ മന്ത്രിയെ പ്രയോജനപ്പെടുത്താതെ ഒഴിവാക്കിയാണ് കോര്‍പ്പറേഷന്‍ സിപിഎം നേതൃത്വം സര്‍ക്കാരിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നത്.
വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് പിരിച്ച് വൈദ്യുതി വിഭാഗം സര്‍ക്കാരിലേക്കടക്കേണ്ട തുകയാണ് ഡ്യൂട്ടി. 1975 മുതലുള്ള 38 വര്‍ഷത്തെ 25 കോടി കുടിശ്ശിക്കായാണ് ഊര്‍ജ്ജ വകുപ്പ് കോര്‍പ്പറേഷനെതിരെ റവന്യു റിക്കവറി നടപടികള്‍ ആരംഭിച്ചത്. ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുത്ത മുഴുവന്‍ ഡ്യൂട്ടി തുകയും വൈദ്യുതി വിഭാഗം സര്‍ക്കാരിലേക്ക് അടച്ചതാണെന്ന കോര്‍പ്പറേഷന്‍ നല്‍കിയ വിശദീകരണം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഉപഭോക്താക്കളില്‍ നിന്നും പിരിച്ചെടുത്ത തുകയല്ല, കെഎസ്ഇബിയില്‍ നിന്ന് വാങ്ങിയ വൈദ്യുതിക്ക് പൂര്‍ണ്ണമായും ഡ്യൂട്ടി അടക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. റവന്യു റിക്കവറിക്ക് 2015ല്‍ നടപടി തുടങ്ങിയപ്പോള്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. എന്നാല്‍ ഹൈക്കോടതി വഴിയുള്ള നിയമനടപടി നിലനില്‍ക്കില്ലെന്നും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി രാഷ്ട്രീയ പരിഹാരം മാത്രമാണ് സാധ്യതയെന്നും ഹൈക്കോടതിയിലെ കോര്‍പ്പറേഷന്‍ അഭിഭാഷകന്‍ കത്ത് നല്‍കിയതാണെങ്കിലും രാജന്‍ പല്ലന്‍ മേയറായുള്ള യുഡിഎഫ് ഭരണസമിതിയില്‍ നിന്നും കാര്യമായ രാഷ്ട്രീയ സമ്മര്‍ദ്ദം ഉണ്ടായില്ല. തുടര്‍ന്ന് വന്ന എല്‍ഡിഎഫ് ഭരണസമിതിയും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയില്ല.
തൃശൂരിന്റെ എംഎല്‍എയായ മന്ത്രി സുനില്‍ കുമാറിനെപോലും ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമമുണ്ടായില്ല. ഡ്യൂട്ടി കുടിശ്ശിക അടക്കാന്‍ ബാധ്യതയില്ലെന്നും ഡ്യൂട്ടി അടക്കേണ്ടതില്ലെന്നും വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ സിറ്റിങ്ങില്‍, കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടും കമ്മീഷന്‍ വഴി പരിഹാരത്തിനും ശ്രമമുണ്ടായില്ല. ഡ്യൂട്ടി പ്രശ്‌നത്തില്‍ കെഎസ്ഇബി നടപടിപോലും പരിശോധിക്കുകയുണ്ടായിട്ടില്ല. രാഷ്ട്രീയ പരിഹാരം തേടാത്ത യുഡിഎഫ്-എല്‍ഡിഎഫ് ഭരണസമിതികളുടെ പിടിപ്പുകേടാണ് 25 കോടി രൂപയുടെ ബാധ്യത കോര്‍പ്പറേഷനുണ്ടാക്കിയത്.
11 കോടി രൂപ കുടിശ്ശികയടക്കാനും ബാക്കി പിഴ പലിശ ഒഴിവാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചുകൊണ്ടായിരുന്നു ഹൈക്കോടതി വിധി. വിധി ഉണ്ടായ ഉടനെ മറ്റ് ചര്‍ച്ചകളൊന്നുമില്ലാതെ 11 കോടി കുടിശ്ശിക എല്‍ഡിഎഫ് ഭരണനേതൃത്വം സര്‍ക്കാരിലേക്കടച്ചു.  ഹൈക്കോടതി നിര്‍ദ്ദേശമനുസരിച്ച് പിഴപലിശ ഒഴിവാക്കികിട്ടാന്‍ സര്‍ക്കാരിലേക്ക് അപേക്ഷ നല്‍കിയെങ്കിലും ഹൈക്കോടതി വിധി പരിഗണിക്കാതെ ഏഴു ശതമാനം നിരക്കില്‍ പിഴപലിശ അടക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.
അതിനെയാണിപ്പോള്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ പോകുന്നത്. ജനാധിപത്യ ഭരണത്തില്‍ ഒരു സംസ്ഥാന സര്‍ക്കാര്‍ ഒരു തദ്ദേശ സര്‍ക്കാരില്‍ നിന്നും 38 വര്‍ഷത്തെ തുക കുടിശ്ശിക ആരോപിച്ച് പണം ബലമായി പിടിച്ചെടുക്കുന്നത് അസാധാരണവും അന്യായവുമായ സംഭവമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകര്‍ക്കുന്നതാണ് നഗരത്തിന്റെ ജനകീയാവശ്യം തള്ളിയുള്ള സര്‍ക്കാരിന്റെ നടപടി.

RELATED STORIES

Share it
Top