വൈദ്യുതി അപകടം ഇല്ലാതാക്കി സീറോ ആക്‌സിഡന്റ് ഇയര്‍ പദ്ധതി

മലപ്പുറം: കെഎസ്ഇബി തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ സീറോ ആക്‌സിഡന്റ് പദ്ധതി അപകട നിരക്ക് കുറച്ചു. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയും സുരക്ഷാ ഉപകരണങ്ങള്‍ ഉറപ്പുവരുത്തിയുമാണ് കഴിഞ്ഞ വര്‍ഷം മുതല്‍ പദ്ധതി നടപ്പാക്കിയത്. ഇതോടെയാണ് അപകടനിരക്ക് ഗണ്യമായി കുറയ്ക്കാനായത്. ഇതോടൊപ്പം പൊതുജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ബോധവല്‍കരണ പരിപാടികളും കെഎസ്ഇബി സംഘടിപ്പിച്ചുവരികയാണ്.
പരിചയക്കുറവുകൊണ്ടും അശ്രദ്ധ കൊണ്ടും കൂടുതല്‍ ആത്മവിശ്വാസം നിമിത്തവും ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും അത്യാഹിതങ്ങളുണ്ടാവുന്നത് തടയാനാണ് കെഎസ്ഇബി പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. കെഎസ്ഇബിയുടെ മുന്‍ കരുതല്‍ നടപടികളെ തുടര്‍ന്ന് ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കുമിടയിലെ അപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ കെ പി പ്രദീപ് പറഞ്ഞു.
എന്നാല്‍, പൊതുജനങ്ങളുടെ അശ്രദ്ധ കാരണമുള്ള അത്യാഹിതങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആവശ്യമായ ബോധവല്‍കരണ പരിപാടികള്‍ സജീവമായി നടപ്പാക്കുകയാണ് കെഎസ്ഇബി. ഇതിനായി പ്രതിരോധശേഷി കൂടിയ അലൂമിനിയം കണ്ടക്ടര്‍ സ്റ്റീല്‍ റീ ഇന്‍ഫോഴ്സ്ഡ് സിസ്റ്റം പ്രകാരമുള്ള വൈദ്യുതി കമ്പികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്.
ജില്ലയില്‍ എല്ലായിടത്തും പഴയ ലൈന്‍ കമ്പികള്‍ മാറ്റി സ്റ്റീല്‍ അടങ്ങിയ പുതിയ വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചുകഴിഞ്ഞു. സ്റ്റീല്‍ അംശമുള്ളതിനാല്‍ മരം വീണും മറ്റും കമ്പികള്‍ പൊട്ടുന്നത് തടയാനാവും.
ഈ സംവിധാനം വന്നതോടെ ഇത്തരം അപകടങ്ങള്‍ പൂര്‍ണമായും ഇല്ലാതായിട്ടുണ്ട്. സുരക്ഷാ ക്രമീകരണത്തിനായി വന്‍ പദ്ധതികളാണ് കെഎസ്ഇബി ഒരുക്കിയിട്ടുള്ളത്.

RELATED STORIES

Share it
Top