വൈദ്യുതിത്തൂണ്‍ മാറ്റാതെ റോഡില്‍ റീടാറിങ്‌

തേഞ്ഞിപ്പലം: ചേളാരി  മാതാപ്പുഴ റോഡില്‍ വൈദ്യൂതി തൂണ്‍ മാറ്റാതെയുള്ള റീ ടാറിംങ്ങിനെതിരെ നാട്ടുകാര്‍ രംഗത്ത്. തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തംഗം കള്ളിയില്‍ സവാദിന്റെ നേതൃത്വത്തില്‍ നാട്ടുക്കാര്‍ സംഘടിച്ചാണ് പ്രവൃത്തി തടഞ്ഞത്. എസ്റ്റിമേറ്റ് പ്രകാരം റോഡിലുള്ള 24ഓളം വൈദ്യൂതി തൂണ്‍ മാറ്റണം. എന്നാല്‍ ഏതാനും തൂണുകള്‍ക്ക് പകരം സൈഡില്‍ വേറെ തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിലുള്ളത് ഇതുവരെ പറിച്ച് മാറ്റിയിട്ടില്ല. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്.
കെഎസ്ഇബി അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണം. പൊതുമരാമത്ത് വകുപ്പ്മന്ത്രി ആറ് മാസത്തിലധികമായി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയിട്ട്. ഇതു വരെ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചിട്ടില്ല. മുഴുവന്‍ തൂണുകളും മാറ്റി സ്ഥാപിക്കാനായി കെഎസ്ഇബിയില്‍ കരാറുകാരന്‍ പണമടച്ചിട്ട് മാസങ്ങളായി. റോഡിലെ കയ്യേറ്റങ്ങളും ഇതുവരെ ഒഴിപ്പിക്കാനായിട്ടില്ല.
എംഎല്‍എയുടെ ഇടപെടല്‍ മൂലം കയ്യേറ്റങ്ങള്‍ തിരിച്ച്പിടിക്കാന്‍ തീരുമാനമായതാണ്. എട്ട് മീറ്റര്‍ റോഡായിരുന്നിട്ടും പലസ്ഥലങ്ങളിലും കയ്യേറിയതിനാല്‍ ഇപ്പോള്‍ രണ്ട് മീറ്ററോളം കാണാനില്ല. എസ്റ്റിമേറ്റ് പ്രകാരമുള്ള വീതിയിലാണ് റീടാറിംങ് നടത്തുന്നതെന്നാണ് കരാറുകാരന്റെ വാദം. ഇതും പരിശോധനക്ക് വിധേയമാക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം. തൂണുകള്‍ മാറ്റി സ്ഥാപിച്ചതിന്ന് ശേഷമെ ടാറിംങ് പുനരാരംഭിക്കുകയുള്ളൂ.

RELATED STORIES

Share it
Top