വൈദ്യരുടെ 'നീലഗിരി' ഇനി ഓര്‍മമാത്രം

ശ്രീകുമാര്‍ നിയതി

കോഴിക്കോട്: നഗരത്തിന്റെ സാംസ്‌കാരിക ഭൂമികയില്‍ ഒരു അടയാളമായിരുന്ന ആനിഹാള്‍ റോഡിലെ നീലഗിരി ലോഡ്ജ് ഇനി ഓര്‍മയിലേക്ക്. നഗരമോടിക്കൊത്ത പുതിയ കെട്ടിടങ്ങള്‍ക്കായി നീലഗിരി പൊളിച്ചുമാറ്റാന്‍ തീരുമാനമായി. 'ടെംപിള്‍ അറ്റാച്ച്ഡ് മിസറബിള്‍ സ്റ്റേ' എന്നായിരുന്നു തന്റെ ലോഡ്ജിനെ സാക്ഷാല്‍ ചിരിവൈദ്യന്‍ രാമദാസ് വൈദ്യര്‍ വിശേഷിപ്പിച്ചിരുന്നത്. ആരുവന്നാലും കൈനീട്ടി സ്വീകരിച്ചിരുന്ന രാമദാസന്‍ വൈദ്യരുടെ ആതിഥ്യം സ്വീകരിച്ച് നീലഗിരിയില്‍ അന്തിയുറങ്ങിയ മഹാരഥന്‍മാരുടെ പേരുകള്‍ അനേകം. മലയാറ്റൂര്‍, വയലാര്‍, തകഴി, എം ടി, കുഞ്ഞബ്്ദുല്ല, സുകുമാര്‍ അഴീക്കോട്, കടമ്മനിട്ട രാമകൃഷ്ണന്‍, സുരാസു, മുകുന്ദന്‍, കൊച്ചു ബാവ, ചുള്ളിക്കാട്, ഗുഹന്‍ ഇവരില്‍ ചിലര്‍ മാത്രം.
ഒരു കനത്ത മഴപെയ്ത രാത്രിയില്‍ കടമ്മനിട്ട രാമകൃഷ്ണന്‍ 'മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു' എന്ന കവിത പൂര്‍ത്തിയാക്കി മഴയില്‍ കുതിര്‍ന്ന് പാടിത്തിമര്‍ത്തത് ഈ മുറ്റത്താണ്. മലയാളികളുടെ എക്കാലത്തെയും ഇഷ്ടഗാനമായ വയലാറിന്റെ 'നീലഗിരിയുടെ സഖികളേ' എന്ന ഗാനം എഴുതിയത് ഇവിടെനിന്നായിരുന്നു എന്നതും ചരിത്രം. ജ്ഞാനപീഠ ജേതാവായി എത്തിയ പിശുക്കനായ തകഴിയില്‍ നിന്നു വൈദ്യര്‍ 10 രൂപ വാങ്ങി. ആ നോട്ട് ഇന്നലെ വരെയും സ്വീകരണമുറിയില്‍ ഫോട്ടോ സഹിതം ഫ്രെയിം ചെയ്ത് സൂക്ഷിച്ചിരുന്നു. വികെഎന്‍ വൈദ്യരുടെ ആതിഥേയത്വം സ്വീകരിച്ച് പലതവണ നീലഗിരിയില്‍ എത്തി. ലോകത്തെ ആദ്യത്തെ തെങ്ങുകയറ്റ കോളജും നീലഗിരിയിലായിരുന്നു. അന്നത്തെ കലക്ടര്‍ യു വി ചൗഹാനെക്കൊണ്ട് ലോഡ്ജ് മുറ്റത്തെ തെങ്ങില്‍ തളപ്പിട്ടു കയറ്റി തേങ്ങ വലിപ്പിച്ച് ഉദ്ഘാടനം നിര്‍വഹിക്കണമെന്നായിരുന്നു വൈദ്യരുടെ ആവശ്യം. കലക്ടര്‍ കാലില്‍ തളപ്പിട്ട് കയറുകയും ചെയ്തു. ഉടനെ കൂടെയുണ്ടായിരുന്ന കലക്ടറുടെ ഭാര്യ കാലില്‍ പിടിച്ച് താഴെ ഇറക്കി.
എഴുത്തുകാരന്‍ യു ഫല്‍ഗുനന്‍ നാരായണീയത്തിന് പുതിയ വ്യാഖ്യാനം നല്‍കാ ന്‍ തപസ്സിരുന്നതും നീലഗിരിയിലെ മുറിയില്‍.
ഉള്ളവനെന്നോ ഇല്ലാത്തവനെന്നോ ഉള്ള വേര്‍തിരിവില്ലാത്ത വൈദ്യര്‍ കിടക്കാനൊരിടം തേടി വന്നവനെ ലോഡ്ജിലേക്കയക്കും. കട പൂട്ടി വീട്ടിലേക്കു പോവുന്നതിനു മുമ്പ് ലോഡ്ജില്‍ പോയി ഭക്ഷണകാര്യവും ഒരുക്കിനല്‍കും. ലോഡ്്ജിന്റെ മുന്‍വശത്തെ താമസക്കാരനായിരുന്ന മഞ്ചേരി സുന്ദര്‍രാജും സംഘവുമായിരുന്നു ഏറെക്കാലം 'നീലഗിരി'യില്‍ വിരാജിച്ചിരുന്നത്.

RELATED STORIES

Share it
Top