വൈദ്യരങ്ങാടിയില്‍ കടകള്‍ക്ക് തീപിടിച്ചു

രാമനാട്ടുകര: വൈദ്യരങ്ങാടിയില്‍ കടമുറികള്‍ക്ക് തീപിടിച്ച് വന്‍ നാശനഷ്ടം. വൈദ്യരങ്ങാടി പതിനൊന്നാംമൈല്‍ ഇര്‍ഷാദുസ്വിബിയാന്‍ മദ്രസക്കു എതിര്‍വശം വാഹനങ്ങളുടെ എയര്‍ബൂസ്റ്റര്‍, വാക്വം ബൂസ്റ്റര്‍ റിപ്പയര്‍ നടത്തുന്ന ‘ബിസ്മില്ലാഹ്’ എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. മൂന്ന് കട മുറികളുള്ള സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സംഭവം.
എയര്‍പോര്‍ട്ട് റോഡിലൂടെ വാഹനയാത്രചെയ്യുകയായിരുന്നയാള്‍ കടയില്‍ തീ ആളിക്കത്തുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് മൂന്ന് യൂണിറ്റ് അഗ്‌നി രക്ഷാസേന ഉടന്‍ സ്ഥലത്തെത്തി. അടച്ചിട്ടിരുന്ന കടയുടെ ഷട്ടര്‍ വാഹനംകെട്ടിവലിച്ച് പൊളിച്ചാണ് അകത്തുകയറിയത്.
കടയിലുണ്ടായിരുന്ന ഓയിലിന് തീപിടിച്ച് തീ ആളിക്കത്തിയത് ആശങ്കയുയര്‍ത്തിയെങ്കിലും ഒരുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ അഗ്‌നി രക്ഷാസേന തീ പൂര്‍ണ്ണതോതില്‍ അണച്ചു. 10 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ കുഞ്ഞാലന്‍കുട്ടി പറഞ്ഞു.
വാടകയിനത്തില്‍ നല്‍കാനായി കടയില്‍ സൂക്ഷിച്ചിരുന്ന അറുപതിനായിരം രൂപയുടെ നോട്ടുകള്‍ കത്തിനശിച്ചിട്ടുണ്ട്. മീഞ്ചന്ത സ്—റ്റേഷന്‍ ഓഫിസര്‍ പി അജിത്ത് കുമാര്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top