വൈദികര്‍ക്കെതിരായ ലൈംഗികാരോപണംപരാതി സ്ഥിരീകരിച്ച് സഭാനേതൃത്വം

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായുള്ള ലൈംഗികാരോപണത്തില്‍ പരാതി സ്ഥിരീകരിച്ച് സഭാനേതൃത്വം. എട്ട് വൈദികര്‍ യുവതിയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് യുവതിയുടെ ഭര്‍ത്താവാണു പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ സംഭവം വിവാദമായെങ്കിലും വിഷയത്തില്‍ പരസ്യപ്രതികരണം നടത്താന്‍ സഭാനേതൃത്വം തയ്യാറായിരുന്നില്ല. സഭാവിശ്വാസികളില്‍ പ്രതിഷേധം ശക്തമായതോടെ ഇന്നലെ പരാതി ലഭിച്ചതായി സഭാനേതൃത്വം വാര്‍ത്താക്കുറിപ്പിറക്കി.
വിവാദവുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികര്‍, ഡല്‍ഹി, തുമ്പമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികര്‍ എന്നിവരെ കഴിഞ്ഞ ദിവസം താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആരോപണത്തില്‍ അന്വേഷണം നടക്കുന്നതായും കുറ്റക്കാരെ സംരക്ഷിക്കില്ലെന്നും നിരപരാധികളെ ശിക്ഷിക്കില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
എട്ടു വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തില്‍ സഭയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവ് രംഗത്തുവന്നത്. ആരോപണവിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം വിശ്വാസികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നു. മൂല്യബോധത്തില്‍ അടിയുറച്ച് ദൈവാശ്രയത്തോടെ പ്രവര്‍ത്തിക്കാന്‍ വൈദികര്‍ക്കു നിര്‍ദേശം നല്‍കുമെന്നും സഭാനേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top