വൈദികര്‍ക്കെതിരായ ലൈംഗീകാരോപണം: ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചുപത്തനംതിട്ട: ലൈംഗികാരോപണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തിരുവല്ല ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് അന്വേഷണസംഘം എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 376, 354, 354 എ, 506 വകുപ്പുകള്‍ പ്രകാരം ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
സഭയുടെ നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങള്‍ക്ക് കീഴിലുള്ള ഫാ.എബ്രഹാം വര്‍ഗീസ്, ജോബ് മാത്യു, ജെയ്‌സ് കെ ജോര്‍ജ്, ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍, കേസില്‍നിന്ന് ഒഴിവാക്കപ്പെട്ട വൈദികനെതിരെയും തെളിവുണ്ടെന്നും രേഖകള്‍ അന്വേഷണസംഘത്തിന് കൈമാറുമെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. അതിനിടെ, ക്രൈംബ്രാഞ്ച് സംഘം തിരുവല്ലയില്‍ വച്ച് ഇരയായ യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തുടര്‍ന്ന് കോടതിയിലെത്തിച്ചും ഇവരുടെ രഹസ്യമൊഴിയെടുത്തു. തിരുവല്ല മജിസ്‌ട്രേറ്റാണ് യുവതിയില്‍ നിന്നും രഹസ്യമൊഴി രേഖപ്പെടുത്തിയത്.
16 വയസുള്ളപ്പോള്‍ ബന്ധുകൂടിയായ ഫാ.എബ്രഹാം വര്‍ഗീസ് ലൈംഗീക ചൂഷണം ചെയ്തുവെന്നും അതിനുശേഷം കുമ്പസാരവിവരങ്ങളും സൗഹൃദവും മുതലെടുത്ത് മറ്റ് മൂന്ന് വൈദികരും പീഡിപ്പിച്ചുവെന്നുമാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഈ മൊഴിക്കു പുറമേ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് ആരംഭിച്ചിട്ടുണ്ട്. വൈദികര്‍ക്കെതിരായ സഭാനടപടികള്‍ സൂന്നഹദോസ് ചേര്‍ന്ന് തീരുമാനിക്കുമെന്നും നിയമനടപടികളില്‍ ഇടപെടില്ലായെന്നും ഓര്‍ത്തഡോക്‌സ് സഭാ അധികൃതരും അറിയിച്ചു.
അതേസമയം, ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ യോഗം ചേര്‍ന്നു. എസ്പി മെറിന്‍ ജോസഫിനെയും ഡിവൈഎസ്പി ജോഷി ചെറിയാനെയും അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തി.

RELATED STORIES

Share it
Top