വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ക്രൈംബ്രാഞ്ചിന് കൈമാറി. ഐജി എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവാണ് സംഭവം അന്വേഷിക്കുക. ആരോപണത്തില്‍ ക്രൈംബ്രാഞ്ച് ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നാണു സൂചന. ആദ്യം പ്രാഥമികാന്വേഷണമാവും നടത്തുക. സ്ത്രീക്ക് പരാതിയുണ്ടെങ്കില്‍ മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണമുണ്ടാവൂ.
ലൈംഗികാരോപണത്തില്‍ പരാതിയില്ലെങ്കില്‍പ്പോലും കേസെടുക്കണമെന്ന നിയമം പോലിസ് പാലിക്കുന്നില്ലെന്നു നേരത്തേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍, കേസുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണം നടത്താന്‍ തടസ്സമായി പോലിസ് പറഞ്ഞിരുന്നത്. ഇതിനു പിന്നാലെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലിസിനു നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദനും ഡിജിപിക്ക് കത്ത് നല്‍കി. ഈ പശ്ചാത്തലത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.
വൈദികര്‍ക്കെതിരേ നിലവില്‍ സഭാനേതൃത്വത്തിനു മുന്നില്‍ മാത്രമാണ് പരാതിയെത്തിയിട്ടുള്ളത്. ഇതാണ് കേസ് രജിസ്റ്റര്‍ ചെയ്തുള്ള അന്വേഷണത്തിനു തടസ്സമാവുന്നത്. ഈ സാഹചര്യത്തില്‍ സഭയുടെ അന്വേഷണ കമ്മീഷനു മുന്നില്‍ മൊഴിനല്‍കിയിട്ടുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. സ്ത്രീയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രം പീഡനക്കേസ് നിലനില്‍ക്കില്ല. പ്രായപൂര്‍ത്തിയായ വ്യക്തിയെന്ന നിലയില്‍ സ്ത്രീയുടെ പരാതിയാവും കേസില്‍ നിര്‍ണായകമാവുക. വൈദികര്‍ പീഡിപ്പിച്ചതായി ഇവര്‍ മൊഴി നല്‍കിയാല്‍ മാത്രമേ കേസ് നിയമപരമായി നിലനില്‍ക്കുകയുള്ളു. അതുകൊണ്ട്് പ്രാഥമികാന്വേഷണം നടത്തിയശേഷം സ്ത്രീ പരാതി നല്‍കിയാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാമെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം. അതേസമയം, അന്വേഷണത്തെ ഓര്‍ത്തഡോക്‌സ് സഭാനേതൃത്വം സ്വാഗതം ചെയ്തിട്ടുണ്ട്.
കുറ്റകൃത്യം തെളിഞ്ഞാല്‍ വൈദികരെ അറസ്റ്റ് ചെയ്ത് തുടര്‍നടപടികളുണ്ടാവും. ആരോപണവിധേയരായ അഞ്ചു വൈദികരെ സഭാനേതൃത്വം അന്വേഷണവിധേയമായി സസ്‌പെന്‍ ഡ് ചെയ്തിട്ടുണ്ട്. വൈദികര്‍ക്കതിരായ ലൈംഗിക ആരോപണത്തി ല്‍ സഭ നേതൃത്വം അന്വേഷണവും ഊര്‍ജിതമാക്കി. ആഗസ്ത് ആദ്യ വാരത്തോടെ സഭാ അധ്യക്ഷന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അപകീര്‍ത്തിപരമായ പരാമര്‍ശം ഇനിയും നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനും തീരുമാനമെടുത്തു.

RELATED STORIES

Share it
Top