വൈദികര്‍ക്കെതിരായ ലൈംഗികാരോപണംതെളിവുകള്‍ പോലിസിന് കൈമാറാന്‍ തയ്യാറാണെന്ന്

തിരുവല്ല: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പോലിസിന് തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്ന് പരാതിക്കാരന്‍. കേസ് ഒതുക്കി ത്തീര്‍ക്കാന്‍ സമ്മര്‍ദമില്ല. സഭയുടെ അന്വേഷണത്തില്‍ വിശ്വാസമാണെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സഭയുടെ അന്വേഷണ കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ ഹാജരാക്കാന്‍ എത്തണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് നിരണം ഭദ്രാസന ആസ്ഥാനത്തെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് ദേശീയ വനിതാ കമ്മീഷന്‍ ഡിജിപിയോട് റിപോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് തെളിവുകള്‍ പോലിസിന് കൈമാറാന്‍ ആരോപണവിധേയയായ യുവതിയുടെ ഭര്‍ത്താവ് സന്നദ്ധത അറിയിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ കമ്മീഷന്‍ ഇദ്ദേഹത്തില്‍ നിന്നു മൊഴിയെടുത്തു. വൈദികരുടെയും മൊഴിയെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
കഴിഞ്ഞ 22നും സഭയ്ക്കു മുമ്പാകെ മൊഴി നല്‍കിയിരുന്നു. സംഭവം സംബന്ധിച്ച തെളിവുകള്‍ നാലു മെത്രാപ്പൊലീത്തമാര്‍ക്ക് കൈമാറിയിരുന്നു. ഭാര്യ നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പ്രധാന തെളിവായി നല്‍കിയത്. ഏത് അന്വേഷണത്തോടും പൂര്‍ണമായി സഹകരിക്കും. ഭാര്യ ഇപ്പോള്‍ അവരുടെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ്. അതിനാല്‍, അവരുമായി സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top