വൈദികര്‍ക്കെതിരായ പീഡനക്കേസ്‌; മൊഴിപ്പകര്‍പ്പ് ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് അറസ്റ്റിലേക്ക് നീങ്ങും

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ നാലു വൈദികര്‍ പ്രതികളായ ബലാ ല്‍സംഗക്കേസില്‍ ഇരയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയതോടെ ഇവരുടെ അറസ്റ്റിന് വഴിയൊരുങ്ങി. മൊഴിപ്പകര്‍പ്പ് കിട്ടുന്ന മുറയ്ക്കു തുടര്‍ നടപടികളിലേക്ക് നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു വൈദികരുടെ അറസ്റ്റ് ഉടനുണ്ടായേക്കും. ഇരുവരും ഒളിവിലാണ്. യുവതിയും വൈദികരും താമസിച്ച ഹോട്ടലുകളിലും മറ്റു സ്ഥലങ്ങളിലും തെളിവെടുപ്പിനായി പോലിസ് പരിശോധന നടത്തും.
വൈദികര്‍ ലൈംഗിക ചൂഷണം ചെയ്തുവെന്ന് പോലിസിന് നല്‍കിയ മൊഴി മജിസ്‌ട്രേറ്റിന് മുന്നിലും യുവതി ആവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം രണ്ട് മണിക്കൂറോളം സമയമെടുത്താണു തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരയായ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയും നടത്തി. ക്രിമിനല്‍ നടപടി ക്രമം 164ാം വകുപ്പു പ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍ നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. അതേസമയം, അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി അനുവദിക്കാതിരുന്നതും വൈദികര്‍ക്ക് തിരിച്ചടിയാണ്. കേസന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നു നിരീക്ഷിച്ച ഹൈക്കോടതി വൈദികരുടെ അറസ്റ്റ് തടയാന്‍ പര്യാപ്തമായ വസ്തുതകള്‍ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കിയാണു മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റിയത്.
നാലു വൈദികര്‍ പീഡിപ്പിച്ചുവെന്നാണ് യുവതി ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നത്. ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണി എന്നീ വകുപ്പുകള്‍ പ്രകാരമാണ് നാല് വൈദികര്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.

RELATED STORIES

Share it
Top