വൈദികര്‍ക്കിടയിലും ചേരിപ്പോര് ശക്തം

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വില്‍പനയുമായി ബന്ധപ്പെട്ട് വിശ്വാസികള്‍ക്കു പിന്നാലെ വൈദികര്‍ക്കിടയിലും ചേരിപ്പോര് ശക്തമാവുന്നു. കര്‍ദിനാളിനെതിരേ രംഗത്തുവന്ന വൈദികര്‍ക്കെതിരേ കര്‍ദിനാളിനെ അനുകൂലിക്കുന്ന വൈദികര്‍ സീറോ മലബാര്‍ സഭ സ്ഥിരം സിനഡിനും കര്‍ദിനാളിനും നിവേദനം നല്‍കി. കഴിഞ്ഞ ദിവസം സ്ഥിരം സിനഡ് ചേരുന്നതിനു തൊട്ടുമുമ്പാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അനുകൂലിക്കുന്ന ഒരു വിഭാഗം വൈദികര്‍ നിവേദനം നല്‍കിയത്.
വൈദികരും വിശ്വാസികളും മാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും നടത്തുന്ന പ്രചാരണങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി വേണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
അതിനിടെ, സഭയില്‍ ഇപ്പോള്‍ ഉടലെടുത്തിരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനുള്ള ശ്രമം ശക്തിപ്പെടുത്താന്‍ കഴിഞ്ഞ ദിവസം സഭാ ആസ്ഥാനത്ത് ചേര്‍ന്ന സ്ഥിരം സിനഡ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം 23ന് ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ സിനഡ് തീരുമാനിച്ചു. അന്നേ ദിവസം സഭയിലെ മുഴുവന്‍ ദേവാലയങ്ങളിലും സന്യസ്ത ഭവനങ്ങളിലും സ്ഥാപനങ്ങളിലും ഒരു മണിക്കൂറെങ്കിലും ആരാധന നടത്തണമെന്നാണ് നിര്‍ദേശം.
അതേസമയം ചേരിപ്പോരും മുറുകുന്നതിനിടയില്‍ അതിരൂപതയിലെ പാസ്്റ്ററല്‍ കൗണ്‍സില്‍ യോഗം ഈ മാസം 17 ന് കൊച്ചിയില്‍ ചേരും.
വൈദിക പ്രതിനിധികളും 200 ഓളം അല്‍മായ പ്രതിനിധികളും ഉള്‍പ്പെടുന്ന പുതിയ പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ യോഗമാണ് ചേരുന്നത്. പാസ്റ്ററല്‍ കൗണ്‍സില്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പാണ് പ്രധാനമായും അന്ന്  നടക്കുന്നതെന്നാണ് അറിയുന്നത്.കഴിഞ്ഞ ഡിസംബറില്‍ ചേരേണ്ട യോഗമായിരുന്നു. എന്നാല്‍ ഇതിനിടയില്‍ അതിരൂപതയിലെ വിവാദ ഭൂമിയിടപാടിന്റെ വിവരം പുറത്തുവന്നതോടെ യോഗം ചേരുന്നത് പിന്നത്തേക്ക് മാറ്റിവെയക്കുകയായിരുന്നു. നഹാസ് എം നിസ്താര്‍

RELATED STORIES

Share it
Top