വൈദികന്‍ കൊല്ലപ്പെട്ടു; മരിച്ചത് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ ഫാ. കുര്യാക്കോസ്‌

കെ എ സലിം

ന്യൂഡല്‍ഹി: ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി ഉന്നയിച്ച ജലന്ധര്‍ രൂപതയിലെ വൈദികന് ദുരൂഹമരണം. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി ഫാ. കുര്യാക്കോസ് കാട്ടുതറ(62)യെയാണ് ഇന്നലെ രാവിലെ മുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് ഹൊസിയാര്‍പൂര്‍ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് ദല്‍ജീത് സിങ് ഖാഖ് പറഞ്ഞു. പഞ്ചാബിലെ ഹൊസിയാര്‍പൂര്‍ ജില്ലയിലെ ദസൂയയിലെ സെന്റ് പോള്‍സ് കോണ്‍വെന്റിനോട് ചേര്‍ന്ന കെട്ടിടത്തിലായിരുന്നു സംഭവം.
വൈദികന്റെ മൃതദേഹത്തില്‍ മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. കിടക്കയില്‍ ഛര്‍ദിച്ച നിലയിലായിരുന്നു. രക്തസമ്മര്‍ദത്തിന് കഴിക്കുന്ന മരുന്നുകള്‍ അടുത്തു നിന്ന് കണ്ടെത്തിയെന്ന് പോലിസ് അറിയിച്ചു. ബന്ധുക്കള്‍ കേരളത്തില്‍ പരാതി നല്‍കിയിട്ടുള്ളതിനാല്‍ ഇതുവരെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിട്ടില്ല. ഇന്നലെ രാവിലെ പത്തുമണിക്കുശേഷവും ഫാ. കുര്യാക്കോസ് ഉണരാത്തതില്‍ സംശയം പ്രകടിപ്പിച്ച് പാചകക്കാരന്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് സെന്റ്‌പോള്‍സ് കോണ്‍വെന്റിലെ സിസ്റ്റര്‍മാര്‍ അദ്ദേഹത്തിന്റെ മുറിയില്‍ മുട്ടിവിളിച്ചത്. വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് മുറിയുടെ പുറത്തുള്ള ജനല്‍ വഴി പരിശോധിച്ചപ്പോള്‍ അബോധാവസ്ഥയിലാണെന്നു വ്യക്തമായതോടെ ജോലിക്കാരുടെ സഹായത്തോടെ വാതില്‍ തുറന്ന് അകത്തു പ്രവേശിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹൊസിയാര്‍പൂര്‍ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കടുത്ത രക്തസമ്മര്‍ദമുള്ള ഫാ. കുര്യാക്കോസ് പ്രമേഹത്തിനും ഹൃദ്രോഗത്തിനും ചികില്‍സയിലായിരുന്നുവെന്ന് ജലന്ധര്‍ എപ്പിസ്‌കോപ്പല്‍ വികാറും കത്തീഡ്രല്‍ റെക്ടറുമായ ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. അസുഖസംബന്ധമായ പ്രശ്‌നങ്ങളാല്‍ രൂപതയിലോ ഇടവകയിലോ ഫാ. കുര്യാക്കോസ് മറ്റു ചുമതലകളൊന്നും വഹിച്ചിരുന്നില്ലെന്നും കംപ്യൂട്ടര്‍ വിദഗ്ധനായ അദ്ദേഹം രാത്രി വൈകിയും ഉറക്കമിളച്ചിരിക്കുന്നതും വൈകി ഉണരുന്നതും പതിവായിരുന്നതുകൊണ്ടാണ് പത്തുമണി വരെ ശ്രദ്ധിക്കാതെ പോയതെന്നും ഫാ. മൈക്കിള്‍ പറഞ്ഞു.
മരണവിവരമറിഞ്ഞ ഉടന്‍ തന്നെ ഫാ. കുര്യാക്കോസിന്റെ കേരളത്തിലുള്ള ബന്ധുക്കളെ രൂപതാ അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് കേരളത്തില്‍ അദ്ദേഹത്തിന്റെ സഹോദരന്‍ പോലിസില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന് ജലന്ധര്‍ പോലിസും നിയമനടപടികളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ സഹോദരന്‍ പരാതിയില്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നീട്ടിവച്ചിരിക്കുന്നത്. പഞ്ചാബില്‍ തന്നെയുള്ള ഫാ. കുര്യാക്കോസിന്റെ ബന്ധുക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. കോണ്‍വെന്റിനോട് ചേര്‍ന്ന് വൈദികര്‍ക്കുള്ള താമസസ്ഥലത്ത് ഫാ. കുര്യാക്കോസും മറ്റൊരു വൈദികനുമാണ് താമസിച്ചിരുന്നത്. എന്നാല്‍, ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോയിരുന്നതിനാല്‍ ഇദ്ദേഹത്തിനൊപ്പമുള്ള വൈദികന്‍ കഴിഞ്ഞദിവസങ്ങളില്‍ സ്ഥലത്തുണ്ടായിരുന്നില്ല.
കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ കേരള പോലിസിന്റെ അന്വേഷണസംഘത്തിന് മൊഴി നല്‍കിയ മുതിര്‍ന്ന വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ തിരിഞ്ഞ ഫാ. കുര്യാക്കോസ് കാട്ടുതറയെ നേരത്തേ ഭാഗ്പൂര്‍ ഇടവകയുടെ ചുമതലയില്‍ നിന്നു നീക്കിയിരുന്നു. ഹൊസിയാര്‍പൂരിലെ ദസ്വയിലെ സെന്റ് പോള്‍ സ്‌കൂളിനോട് ചേര്‍ന്നുള്ള പള്ളിയിലെ പ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കുന്ന ചുമതലയാണ് ഫാ. കുര്യാക്കോസ് വഹിച്ചിരുന്നത്.RELATED STORIES

Share it
Top