വൈദികനെ മുന്‍ കപ്യാര്‍ കുത്തിക്കൊന്നു

കാലടി: മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വൈദികനെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കപ്യാര്‍ കുത്തിക്കൊന്നു. റെക്ടര്‍ ഫാ. സേവ്യര്‍ തേലക്കാട്ട് (52) ആണ് കൊല്ലപ്പെട്ടത്. കുരിശുമുടിയിലെ കപ്യാരുടെ ചുമതലയിലുണ്ടായിരുന്ന ജോണി വട്ടേക്കാടന്‍ (62) ആണ് കുത്തിയത്. സംഭവത്തിനുശേഷം വനത്തിലേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ മലമുകളില്‍ പ്രാര്‍ഥന നടത്തിയശേഷം താഴേക്ക് വരുകയായിരുന്ന ഫാ. സേവ്യറിനെ തടഞ്ഞുനിര്‍ത്തിയ ജോണി കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഇടതു കാലിലും തുടയിലുമാണ് കുത്തേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജോണിയെ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ കപ്യാര്‍ ജോലിയില്‍ നിന്നു താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വിരലടയാള വിദഗ്ധരും പോലിസ് നായയും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. എറണാകുളം-അങ്കമാലി അതിരൂപതയിലെ പെരുമ്പാവൂര്‍ ഈസ്റ്റ് ചേരാനല്ലൂര്‍ ഇടവകാംഗമാണു ഫാ. സേവ്യര്‍ തേലക്കാട്ട്.
പരേതനായ പൗലോസും ത്രേസ്യയുമാണ് മാതാപിതാക്കള്‍. സഹോദരങ്ങള്‍: മോളി, ലിസി, റോസമ്മ, ഷാജു, ഷാലി, മനോജ്, ഹെല്‍ന. നാളെ ചേരാനല്ലൂര്‍ സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.

RELATED STORIES

Share it
Top