വൈക്കത്ത് പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകം

വൈക്കം: നഗരസഭ പരിധിയിലും ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിലും പാടശേഖരങ്ങള്‍ മണ്ണിട്ട് നികത്തുന്നത് വ്യാപകമാകുന്നു. പരാതി ഉയര്‍ന്നാലും അധികാരികളുടെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകുന്നില്ല. നഗരസഭയില്‍ ഈ രീതി തുടര്‍ന്നാല്‍  പാടശേഖരങ്ങള്‍ ഇല്ലാതാകുന്ന അവസ്ഥയാണ്. വൈപ്പിന്‍പടി മേഖലയിലാണ് ഏറ്റവും തകൃതിയായി നിലംനികത്തല്‍ നടന്നുകൊണ്ടിരിക്കുന്നത്. ബിനാമി പേരില്‍ പാടശേഖരങ്ങള്‍ വാരിക്കൂട്ടുന്ന സംഘമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
പാടശേഖരങ്ങളില്‍ മാലിന്യങ്ങള്‍ തള്ളുന്നതിന് സമ്മതം മൂളിയതിനുശേഷം നഗരസഭ അധികാരികളെ കൂട്ടുപിടിച്ച് ഇതിനുമേല്‍ മണ്ണിട്ട് പിന്നീട് ആ പാടശേഖരങ്ങള്‍ മുഴുവന്‍ നികത്തുകയാണ് ചെയ്യുന്നത്.കുടിവെള്ള പ്രശ്‌നങ്ങള്‍ പാടശേഖരങ്ങള്‍ നികത്തുന്നതിനെ തുടര്‍ന്ന് രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. സമാനമായ അവസ്ഥയാണ് ഉദയനാപുരം ഗ്രാമപ്പഞ്ചായത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലും നടന്നുകൊണ്ടിരിക്കുന്നത്. കായലിനോട് ചേര്‍ന്നുകിടക്കുന്ന തീരദേശ മേഖലയായ പനമ്പുകാട് പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യമാണ് മാഫിയകളെ ആകര്‍ഷിപ്പിക്കുന്നത്. സാധാരണക്കാരില്‍ നിന്നും പാടങ്ങള്‍ വാങ്ങിക്കൂട്ടി ഇവര്‍ നികത്തുകയാണ്. നീര്‍ച്ചാലുകളും തെങ്ങിന്‍തോപ്പുകളും പാടശേഖരങ്ങളുമെല്ലാം പനമ്പുകാടിന് വരും നാളുകളില്‍ ഓര്‍മ മാത്രമായിരിക്കും.
പ്രദേശത്തെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ നികത്തല്‍  പുരോഗമിക്കുമ്പോള്‍ ഇതൊന്നും കണ്ടില്ലെന്ന ഭാവമാണ് റവന്യു, വില്ലേജ്, പഞ്ചായത്ത് അധികാരികള്‍ക്കുള്ളത്. നീര്‍ച്ചാലുകള്‍ നികത്തുന്നത് പ്രദേശത്തിന്റെ ആവാസ വ്യവസ്ഥയില്‍ വലിയ കുഴപ്പങ്ങള്‍ക്കിടയാക്കും. മഴക്കാലമാകുമ്പോള്‍ വീടുകളെല്ലാം വെള്ളത്തിലാകാന്‍ കാരണമാകും. ഇപ്പോള്‍ തന്നെ മഴ പെയ്താല്‍ നീര്‍ച്ചാലുകളെല്ലാം പെട്ടന്ന് നിറയുന്ന സാഹചര്യമാണ്.  പ്രമുഖ ഹോട്ടല്‍ വ്യവസായികളുടെ നേതൃത്വത്തിലാണ് പനമ്പുകാടില്‍ നിലംനികത്തല്‍ പണികള്‍ നടക്കുന്നത്. നീര്‍ച്ചാലുകള്‍ സംരക്ഷിക്കണമെന്ന നിയമമെല്ലാം ഇവിടെ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. തെങ്ങിന്‍ തൊപ്പുകള്‍ക്കിടയിലൂടെ ഒഴുകുന്ന നാട്ടുതോടുകളെല്ലാം ദിനംപ്രതി മണ്‍മറയുന്ന സാഹചര്യമാണ്. നാട്ടുതോടുകളില്‍ മല്‍സ്യബന്ധനം നടത്തി ഉപജീവനം നടത്തിയിരുന്ന ഉള്‍നാടന്‍ മല്‍സ്യതൊഴിലാളി കുടുംബങ്ങളേയും മാഫിയയുടെ കടന്നുകയറ്റം വഴിയാധാരമാക്കിയിരിക്കുകയാണ്. നാട്ടുകാരെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ നടക്കുന്ന നികത്തല്‍  രാഷ്ട്രീയ പാര്‍ട്ടികളും കണ്ടില്ലെന്ന് നടിക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുന്നു.
തലയോലപ്പറമ്പ്, തലയാഴം പഞ്ചായത്തുകളിലും  നിലംനികത്തല്‍ സജീവമാണ്. പാടശേഖരങ്ങള്‍ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍തലത്തില്‍ ആവിഷ്‌ക്കരിച്ച നിയമങ്ങള്‍ പരിപാലിക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കഴിയുന്നില്ല. കൃഷി വിഭാഗമാണ് ഈ വിഷയത്തില്‍ ഏറ്റവും വലിയ വീഴ്ചകള്‍ വരുത്തിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.മാഫിയകളെ നിയന്ത്രിക്കുവാന്‍ ഇനിയും അധികാരികള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ വൈക്കത്തിന്റെ നെല്ലറയായ വെച്ചൂരിലേയ്ക്കും ഇവര്‍ കടന്നുകയറുമെന്ന കാര്യം ഉറപ്പാണ്.

RELATED STORIES

Share it
Top