വൈക്കത്ത് പരമ്പരാഗത മല്‍സ്യ മേഖല സജീവമായി

വൈക്കം: കോരിച്ചൊരിയുന്ന വേനല്‍ മഴ നിര്‍ജീവമായ പരമ്പരാഗത മല്‍സ്യ മേഖലയ്ക്ക് ഉണര്‍വേകുന്നു. വറ്റിവരണ്ടു കിടന്ന കുളങ്ങളിലും നാട്ടുതോടുകളിലുമെല്ലാം വെള്ളം നിറഞ്ഞതോടെ പരമ്പരാഗത മല്‍സ്യ സമ്പത്ത് ഇവിടേയ്ക്ക് ഒഴുകിയെത്തുകയാണ്. നാട്ടുമല്‍സ്യങ്ങളായ വരാല്‍, കാരി, കറൂപ്പ് എന്നിവയെല്ലാം ഉടക്കുവലയിടുന്നവര്‍ക്ക് നിറയെ ലഭിച്ചു തുടങ്ങി. ചില സ്ഥലങ്ങളില്‍ കുളങ്ങള്‍ വറ്റിച്ചും മീന്‍പിടിക്കുന്നുണ്ട്. ഒരാള്‍ക്ക് ഒരു ദിവസം 1500 മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിക്കുന്നുണ്ട്.
വൈക്കം-ചേര്‍ത്തല റോഡിലെ ഇടയാഴത്തിനു സമീപമുള്ള ക്ഷേത്രം ഏതാനും ദിവസം മുമ്പ് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തിരുന്നു. കാടുപിടിച്ചിരുന്ന കുളം ദേവസ്വം ബോര്‍ഡ് മോട്ടോര്‍ വെച്ച് വറ്റിക്കുന്ന വിവരമറിഞ്ഞ് നിരവധി പേര്‍ ഇവിടേയ്‌ക്കെത്തി. എട്ടോളം പേര്‍ കുളത്തിലിറങ്ങി മീന്‍പിടിച്ചപ്പോള്‍ ഇവര്‍ക്കു ലഭിച്ചത് 20,000 രൂപയുടെ മീനുകളായിരുന്നു. പിടികൂടിയ മല്‍സ്യങ്ങളെല്ലാം പെട്ടന്നുതന്നെ വിറ്റഴിഞ്ഞു. മല്‍സ്യങ്ങള്‍ നേരിട്ടുവിറ്റപ്പോള്‍ സാധാരണക്കാരായ ഉപഭോക്താക്കള്‍ക്കു മതിയായ വിലയ്ക്കു ലഭ്യമായി. പരമ്പരാഗത മേഖലയ്ക്ക് എപ്പോഴും തിരിച്ചടി ഉണ്ടാക്കുന്നത് ഇടനിലക്കാരുടെ ചൂഷണമാണ്. കഷ്ടപ്പാടുകളിലൂടെ കുളങ്ങളിലും നാട്ടുതോടുകളിലും മുഴുവന്‍ സമയം പണിയെടുത്ത് പിടികൂടി കൊണ്ടുചെല്ലുന്ന മല്‍സ്യങ്ങള്‍ക്കു വലിയ വില നല്‍കാതെ ഇടനിലക്കാര്‍ കൈക്കലാക്കുന്നു. വരാലിന് ഒരു കിലോയ്ക്ക് 150 രൂപയാണ് തൊഴിലാളിക്ക് ലഭിക്കുന്നത്. ഇതു മാര്‍ക്കറ്റിലെത്തിയാല്‍ പിന്നെ മോഹവിലയാണ്. കോവിലകത്തുംകടവ്, ഉല്ലല, ടിവി പുരം, കടുത്തുരുത്തി മാര്‍ക്കറ്റുകളില്‍ കടല്‍, കായല്‍ മല്‍സ്യങ്ങളേക്കാള്‍ അല്‍പം ഡിമാന്‍ഡ് നാട്ടുമല്‍സ്യങ്ങള്‍ക്കാണ്.
വരാല്‍ ആണ് ഏവര്‍ക്കും പ്രിയം. പരമ്പരാഗത മല്‍സ്യമേഖലയെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഒട്ടനവധി പരിഷ്‌കാരങ്ങളെല്ലാം നടപ്പാക്കിയെങ്കിലും ഇതൊന്നും വേണ്ടവിധത്തില്‍ ഏശിയില്ല. തൊഴിലാളികള്‍ക്ക് മതിയായ വില ലഭിക്കാന്‍ പല സ്ഥലങ്ങളിലും സംഘങ്ങളെല്ലാം രൂപീകരിച്ചെങ്കിലും ഇതിന്റെയെല്ലാം പ്രവര്‍ത്തനം അവതാളത്തിലാണ്.
തലയാഴം, വെച്ചൂര്‍, കല്ലറ പഞ്ചായത്തുകളിലാണ് ഇന്നും പരമ്പരാഗത മല്‍സ്യമേഖല നിലനില്‍ക്കുന്നത്. ഏകദേശം 500ല്‍പരം തൊഴിലാളികള്‍ ഇന്നും ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നുണ്ട്. നാട്ടുതോടുകള്‍ ശോഷിക്കുന്നതും മേഖലയെ പിന്നോട്ടടിക്കുന്നു. നാടന്‍ മല്‍സ്യങ്ങളെല്ലാം മുട്ടയിടുന്നത് നാട്ടുതോടുകളിലെ പായലുകള്‍ക്കു നടുവിലാണ്. എന്നാല്‍ കൈയേറ്റവും മലിനീകരണവും മൂലം നാട്ടുതോടുകള്‍ നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് വീട്ടുമുറ്റങ്ങളുടെ നിറശോഭയായിരുന്ന കുളങ്ങളും ഓര്‍മയിലാണ്്. കാരണം വീട് പണിയുമ്പോള്‍ ഇതിന്റെ മറവില്‍ കുളങ്ങളെല്ലാം മണ്ണിട്ടു നികത്തുന്നു.
കുളങ്ങള്‍ സംരക്ഷിക്കണമെന്ന് തദ്ദേശ ഭരണകൂടങ്ങള്‍ക്കു നിര്‍ദേശമുണ്ടെങ്കിലും ഇതൊന്നും നടപ്പാവുന്നില്ല. കുളങ്ങളും നാട്ടുതോടുകളും സംരക്ഷിക്കാന്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ അധികാരികള്‍ ഇനിയും വൈകുന്നത് ഏവര്‍ക്കും ദോഷകരമാണ്.

RELATED STORIES

Share it
Top