വൈക്കത്ത് കഞ്ചാവ് മാഫിയ ആക്രമണം; മൂന്നു യുവാക്കള്‍ക്ക് വെട്ടേറ്റുവൈക്കം: കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്ത യുവാക്കളെ മാഫിയ വീട്ടില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ ദിവസം ഉല്ലലക്കു സമീപമാണ് സംഭവം. കുറിഞ്ഞിക്കാട്ട് വിഷ്ണു (27), സഹോദരന്‍ അഖില്‍ (22), സുഹൃത്ത് പാര്‍ത്ഥിപ് (24) എന്നിവര്‍ക്കാണ് സാരമായി പരിക്കേറ്റത്. രണ്ടുപേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ വൈക്കം താലൂക്ക് ആശുപത്രിയിലും ചികില്‍സയിലാണ്. ഞായറാഴ്ച രാത്രി 10നാണ് സംഭവം. ഇവരുടെ പരിസരമാകെ യുവാക്കള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് വ്യാപകമാണ്. ഇതേ തുടര്‍ന്ന് വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം വീടുകളില്‍ കയറി കഞ്ചാവ് ഉപയോഗത്തിനെതിരേ മുന്നറിയിപ്പു നല്‍കി. ഇതില്‍ പ്രകോപിതരായവരാണ് ആക്രമണത്തിനു പിന്നില്‍. ഞായറാഴ്ച വൈക്കത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണങ്ങള്‍ നിറഞ്ഞാടി. കെടിഡിസിയില്‍ ലഹരിയുടെ നിര്‍വൃതിയില്‍ ഒരു സംഘം വലിയ പരാക്രമങ്ങളാണ് നടത്തിയത്. ഇവിടുത്തെ ജീവനക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തു. പോലിസും എക്‌സൈസും കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ക്കെതിരേ വ്യാപക പരിശോധനകള്‍ നടത്താറുണ്ടെങ്കിലും ഇതിനെയെല്ലാം തകിടം മറിച്ചാണ് മാഫിയകള്‍ അഴിഞ്ഞാടുന്നത്. അടിയന്തരമായി ഈ വിഷയത്തില്‍ ക്രിയാത്മക ഇടപെടലുകള്‍ വൈകിയാല്‍ വിദ്യാര്‍ഥികളും യുവാക്കളും ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടും. ഉല്ലല, ചെമ്മനത്തുകര, മൂത്തേടത്തുകാവ്, ടിവി പുരം, വെച്ചൂര്‍, തലയോലപ്പറമ്പ്, പാലാംകടവ് പ്രദേശങ്ങളില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ നിറയുകയാണ്. ഇതിനെതിരേ നാട്ടുകാര്‍ സജീവമാണെങ്കിലും ഇവരെയെല്ലാം വെല്ലുന്ന രീതിയിലാണ് മാഫിയകളുടെ പ്രവര്‍ത്തനം. സ്‌കൂള്‍ കുട്ടികളെ വലയിലാക്കിയാണ് മാഫിയകള്‍ കളം നിറയുന്നത്.
ചങ്ങമ്പുഴയുടെ ചെറുമകനായ അധ്യാപകന് എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനംകോട്ടയം: യൂനിവേഴ്‌സിറ്റി യൂനിയന്‍ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ചോദിച്ചതിന്റെ പേരില്‍ എംജി യൂനിവേഴ്‌സിറ്റിയില്‍ അധ്യാപകന് എസ്എഫ്‌ഐയുടെ മര്‍ദ്ദനം. യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനാവശ്യമായി ഫണ്ട് ധൂര്‍ത്തടിക്കുന്നത് ചോദ്യം ചെയ്ത അധ്യാപകന്‍ ഇതുവരെ നടത്തിയ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ആവശ്യപ്പെട്ടതാണ് എസ്എഫ്‌ഐ നേതൃത്വത്തെ പ്രകോപിപ്പിച്ചത്. ചങ്ങമ്പുഴയുടെ കൊച്ചുമകനും ഇടത് യൂനിയന്‍ പ്രവര്‍ത്തകനുമായ ഡോ. ഹരികുമാര്‍ ചങ്ങമ്പുഴക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനം സംബന്ധിച്ച് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ച് ഇടത് അധ്യാപക യൂനിയന്‍ ഉള്‍പ്പെടെ യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച വെളുപ്പിനെ യൂനിവേഴ്‌സിറ്റി കാംപസിനുള്ളില്‍ വച്ചാണ് ഇദ്ദേഹത്തിനു മര്‍ദ്ദനമേറ്റത്. യൂനിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിലെ അധ്യാപകനായ ഡോ. ഹരികുമാര്‍ സ്റ്റുഡന്റസ് സര്‍വീസസ് ഡിപാര്‍ട്ട്‌മെന്റിന്റെ അധികചുമതല കൂടിയുണ്ട്. യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുന്നത് ഇദ്ദേഹത്തിന്റെ ചുമതലയിലാണ്. യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനാവശ്യ ഫണ്ട് വിനിയോഗം സംബന്ധിച്ച് ഇദ്ദേഹം നേരെത്തെ തന്നെ പലവട്ടം ചോദ്യം ചെയ്തതായാണ് അറിയുന്നത്. തലയോലപ്പറമ്പ് ഡിബി കോളജില്‍ യൂനിയന്‍ സംഘടിപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ടാണ് വീണ്ടും തര്‍ക്കമുണ്ടായത്. ചെലവായതിലും വളരെ അധികം തുക യൂനിയന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതോടെ ഇതുവരെ ചെലവാക്കിയ തുകയുടെ കണക്ക് ഇദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് തര്‍ക്കവും വാക്കേറ്റവും ഉണ്ടായിരുന്നു. യൂനിയന്‍ നാടകോല്‍സവവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുമായി ഓഫിസിലുണ്ടായിരുന്ന ഇദ്ദേഹം ശനിയാഴ്ച വെളുപ്പിനു സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുന്നവഴിയാണ് ആറംഗ എസ്എഫ്‌ഐ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്.

RELATED STORIES

Share it
Top