വൈക്കത്ത് ഓരുമുട്ടുകള്‍ വഴിപാടാകുന്നു; കര്‍ഷകര്‍ ഓരുവെള്ള ഭീഷണിയില്‍

വൈക്കം: കാര്‍ഷികമേഖലയുടെ പുരോഗതിക്കു വേണ്ടി പണികഴിപ്പിക്കുന്ന ഓരുമുട്ടുകള്‍ വഴിപാടാകുന്നു. ലക്ഷങ്ങള്‍ മുടക്കി നിര്‍മിക്കുന്ന മുട്ടുകളുടെ നിര്‍മാണത്തില്‍ വന്‍അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് വര്‍ഷങ്ങളായി ആക്ഷേപമുണ്ടെങ്കിലും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികള്‍. മുട്ടുനിര്‍മാണത്തിലൂടെ കരാറുകാര്‍ക്ക് വന്‍തുകയാണ് ലഭിക്കുന്നത്.
ഇവിടെയെല്ലാം ഉദ്യോഗസ്ഥര്‍ കരാറുകാര്‍ക്ക് കൂട്ടുനില്‍കുന്നതായും ആക്ഷേപമുണ്ട്. ഓരുവെള്ള ഭീഷണിമൂലം പഞ്ചായത്തുകള്‍ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. പ്രശ്‌ന പരിഹാരത്തിനു മുന്‍കൂട്ടി നിര്‍മിക്കേണ്ടിയിരുന്ന ഇടമുട്ടുകളുടെ നിര്‍മാണം ഇഴയുന്നത് പ്രശ്‌നത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. വെച്ചൂര്‍, തലയാഴം, ഉദയനാപുരം, മറവന്‍തുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലാണ് ഓരുവെള്ള ഭീഷണിയുള്ളത്.
വേമ്പനാട്ടു കായലില്‍ നിന്നും ഉപ്പുവെള്ളം മൂവാറ്റുപുഴയാറിലേക്ക് കയറുകയും പിന്നീട് നാട്ടുതോടുകളിലേക്കു വ്യാപിക്കുകയുമാണ് ചെയ്യുന്നത്. വലിയ തോതില്‍ ഓരുവെള്ള ഭീഷണി നേരിടുന്ന വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ ഇതുവരെയായി ഇടമുട്ടുകളുടെ നിര്‍മാണം പോലും ആരംഭിച്ചിട്ടില്ല. കാലങ്ങളായി മുട്ടുകള്‍ സ്ഥാപിക്കാറുണ്ടെങ്കിലും ഇതെല്ലാം ഇടക്കുവച്ച് നിലംപതിക്കുന്നത് പതിവാണ്.
നിര്‍മാണ ജോലികളില്‍ നടന്ന ഉത്തരവാദിത്വമില്ലായ്മയും അഴിമതിയുമാണ് മുട്ടുകള്‍ ഇടയ്ക്കു തകരാനുള്ള കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. വെച്ചൂര്‍, തലയാഴം പഞ്ചായത്തുകളില്‍ മുന്‍ വര്‍ഷം ഓരുവെള്ളം കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചിരുന്നു.
കൃഷിയിറക്കിയ പാടശേഖരങ്ങള്‍ ഇപ്പോള്‍ ഓരുവെള്ള ഭീഷണിയിലാണ്. കൂടാതെ ഏക്കര്‍ കണക്കിനു പാടശേഖരങ്ങളില്‍ നടത്തിയ കപ്പ, വാഴ, പച്ചക്കറി കൃഷികള്‍ ഓരുവെള്ള ഭീഷണി നേരിടുന്നുണ്ട്.
ജാതി കര്‍ഷകരും ദുരിതമനുഭവിക്കുകയാണ്. ഓരുവെള്ളം പരമ്പരാഗത മല്‍സ്യ മേഖലയ്ക്കും തിരിച്ചടിയുണ്ടാക്കും. പുഴയിലെ മല്‍സ്യ സമ്പത്ത് പൂര്‍ണമായി നശിക്കാനുള്ള കാരണമാവും.
ഇതുമൂലം ആറു മാസത്തോളമാണു മല്‍സ്യത്തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെടുന്നത്. തലയാഴം പഞ്ചായത്തിലും ഓരുവെള്ളം കര്‍ഷകരെ ദുരിതത്തിലാക്കുന്നുണ്ട്.

RELATED STORIES

Share it
Top