വൈക്കത്തെ കെവി കനാല്‍ മാലിന്യ കേന്ദ്രമാവുന്നു

വൈക്കം: വൈക്കത്തിന്റെ പ്രധാന ജലസ്രോതസ്സുകളിലൊന്നായിരുന്ന കെ വി കനാല്‍ അവഗണനയില്‍. കനാലിലേയ്ക്ക് പട്ടാപ്പകല്‍ പോലും മാലിന്യങ്ങള്‍ തള്ളുന്നത് പതിവായിരിക്കുകയാണ്. കനാലിനു സമീപം പ്രവര്‍ത്തിക്കുന്ന ഒരു കാറ്ററിങ് ഏജന്‍സി ഇവിടെ മാലിന്യങ്ങള്‍ നിക്ഷേപിക്കുനെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ നാട്ടുകാര്‍ ഇതിനെ ചോദ്യം ചെയ്യാറുണ്ടെങ്കിലും മാലിന്യം നിക്ഷേപം തടയുന്നതിന് അധികാരികളുടെ ഭാഗത്തു നിന്ന് നടപടി ഉണ്ടാവാറില്ല. കെവി കനാലിലെ നീരൊഴുക്ക് കാര്യക്ഷമമാക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണികഴിപ്പിച്ച വലിയാനപ്പുഴ പാലവും തോടിനു രക്ഷയായില്ല. ഈ പാലത്തിന്റെ രണ്ടുവശങ്ങളിലും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്. വന്‍ ദുര്‍ഗന്ധമാണ് ഇവിടെ നിന്ന് ഉയരുന്നത്. പാലത്തിനു സമീപം പ്രവര്‍ത്തിക്കുന്ന താറാവ് ഇറച്ചി വില്‍പ്പന കേന്ദ്രവും തോടിനെ മലിനമാക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ താറാവിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ തള്ളാറില്ലെന്നും രാത്രി കാലങ്ങളില്‍ ദൂരെസ്ഥലങ്ങളില്‍ നിന്ന് വാഹനങ്ങളില്‍ കൊണ്ടുവന്നു നിക്ഷേപിക്കുന്ന മാലിന്യങ്ങളാണ് ദുര്‍ഗന്ധമുണ്ടാക്കുന്നതെന്നും ഇതിന്റെ നടത്തിപ്പുകാര്‍ പറയുന്നു. ആഴംകൂട്ടി ശുചീകരിക്കുകയും ഇരുവശങ്ങളില്‍ വൃക്ഷത്തൈകളും പൂന്തോട്ടവുമെല്ലാം ഉണ്ടാക്കി കനാല്‍ സൗന്ദര്യവല്‍കരിക്കും ചെയ്യുമെന്ന് ജനപ്രതിനിധികള്‍ പറയാറുണ്ടെങ്കിലും നടപ്പായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കം ആശ്രമം സ്‌കൂളിലെ വിദ്യാര്‍ഥികള്‍ തോടിന്റെ ഇരുവശങ്ങളിലുമുള്ള കാടും മറ്റും വെട്ടിമാറ്റി ചെടികള്‍ നട്ടിരുന്നു. എന്നാല്‍ പരിപാലിക്കേണ്ട ഇറിഗേഷന്‍ വകുപ്പ് അധികാരികള്‍ ഈ ഭാഗത്തേക്കു തിരിഞ്ഞുപോലും നോക്കിയില്ല. ഇനി മഴക്കാലം തുടങ്ങാതെ തോടില്‍ നീരൊഴുക്ക് ഉണ്ടാവില്ല. കാരണം കൃഷി ഇറക്കുന്ന പാടങ്ങളിലേക്കും മറ്റും ഓരുവെള്ളം കയറാതിരിക്കാന്‍ കനാലിന്റെ വക്കത്ത് താല്‍ക്കാലിക മുട്ട് സ്ഥാപിച്ചുകഴിഞ്ഞു. ഇതു പൊളിക്കണമെങ്കില്‍ മഴക്കാലമെത്തണം. കനാല്‍ വക്കത്ത് കോടികള്‍ മുടക്കി പഴയപാലം പുനര്‍നിര്‍മിച്ചപ്പോള്‍ കര്‍ഷകരും നാട്ടുകാരും വിനോദസഞ്ചാരത്തെ സ്‌നേഹിക്കുന്നവരുമെല്ലാം പാലത്തില്‍ ചീപ്പുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നു. ഈ ആവശ്യം സര്‍ക്കാര്‍ ഗൗരവമായി എടുത്തെങ്കിലും ഇറിഗേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥരും വര്‍ഷംതോറും മുട്ട് സ്ഥാപിച്ച് ലാഭം കൊയ്യുന്ന കരാറുകാരും നുണപ്രചരണങ്ങള്‍ നടത്തി ഇതിനെ തടയിട്ടു. പാലത്തില്‍ ചീപ്പ് സ്ഥാപിച്ച വൈക്കത്തിന്റെ പ്രധാന ജലസ്രോതലായിരുന്ന കെ വി കനാലിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരണമെന്നാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top