വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡ് ഉപേക്ഷിക്കാന്‍ നീക്കം; കെട്ടിട നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

ചങ്ങനാശ്ശേരി:  മൂന്നുപ്രാവശ്യം ഉദ്ഘാടനം ചെയ്യുകയും പ്രവര്‍ത്തന രഹതമായി കിടക്കുകയും ചെയ്യുന്ന നഗരസഭാ വക വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡ് ഉപേക്ഷിക്കാന്‍ നീക്കം. ഇതിന്റെ ഭാഗമായി ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു.
കെട്ടിടം പണിയാനായി കാരാറുകാരന്‍ ഇന്നലെ കുഴികള്‍ എടുക്കാന്‍ ആരംഭിച്ചപ്പോള്‍ നാട്ടുകാര്‍ തടയുകയും തുടര്‍ന്നു പണികള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. എന്നാല്‍ നഗരസഭ ഒന്നടങ്കം ഏകകണ്ഠമായി എടുത്ത തീരുമാനമാണ് ഇവിടെ ഷോപ്പിങ് കോംപ്ലക്‌സ്് പണിയുക എന്നതും അതില്‍ നിന്നു പിന്തിരിയുന്ന പ്രശ്‌നമില്ലെന്നും നിയമപരമായ നടപടികളിലൂടെ നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യൂ മണമേല്‍ പറഞ്ഞു. നഗരസഭയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്  ഇവിടെ ഷോപ്പിങ് കോംപ്ല്ക്‌സ് പണിയാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ ഗതാഗതത്തിരക്കു പരിഹരിക്കുന്നതിന്റെ ഭാഗമായി  2002 ലായിരുന്നു വേഴക്കാട്ടുചിറയില്‍ മൂന്നാമതൊരു ബസ് സ്റ്റാന്‍ഡുകൂടി പണിയാന്‍ തീരുമാനിച്ചതും വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇതു പൂര്‍ത്തീകരിച്ചതും. തുടര്‍ന്നു മാറിവന്ന ഭരണാധികാരികള്‍ പലപ്പോഴായി ഉദ്ഘാടനം നിര്‍വഹിച്ചു. കോട്ടയം ഭാഗത്തുനിന്നുള്ള ബസ്സുകള്‍ ഇവിടെ പാര്‍ക്കു ചെയ്തു സര്‍വീസ് നടത്തുകയെന്നതായിരുന്നു ലക്ഷ്യം. ഒപ്പം നഗരത്തിന്റെ ഉള്‍പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചു മിനി ബസ്സുകള്‍ സര്‍വീസ് നടത്താനും തീരുമാനം എടുത്തിരുന്നു.
കായംകുളം ഭാഗത്തു നിന്ന് വരുന്ന സ്വകാര്യ ബസ്സുകളും ഇവിടെ എത്തി സര്‍വീസ് നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. തിരക്കേറിയ നഗരത്തിലൂടെ ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചു വേഴക്കാട്ടുചിറ എത്തി അവിടെ നിന്ന് സര്‍വീസ് നടത്താന്‍ അവരും തയ്യാറായില്ല.
തുടര്‍ന്ന് ഒരിക്കല്‍പ്പോലും അവിടെ നിന്ന് ഒരു ബസ്സും സര്‍വീസ് നടത്തിയിട്ടില്ല. സ്റ്റാന്‍ഡ് നഗരത്തില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്നതിനാല്‍ യാത്രക്കാര്‍ക്കും അവിടേക്കും ചെല്ലാന്‍ ബുദ്ധിമുട്ടുകളും നേരിട്ടു. പിന്നീട് ഇതര സംസ്ഥാനങ്ങളിലേക്കു സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പാര്‍ക്കിങ് ഏരിയായി സ്റ്റാന്‍ഡ് മാറുകയും അവരുടെ ബസ്സുകള്‍ക്കുള്ള അറ്റകുറ്റപ്പണികള്‍ നടത്തുന്ന കേന്ദ്രവുമായി ഇതു മാറി. ബസ് സ്റ്റാന്‍ഡ് കാടുപിടിച്ച അവസ്ഥയിലുമായി. ഇതു ഏറെ വിമര്‍ശനത്തിനും ഇടയാക്കി.
2017-18ലെ ബജറ്റില്‍ വേഴക്കാട്ടുചിറ ബസ് സ്റ്റാന്‍ഡില്‍ ബിഒടി വ്യവസ്ഥയില്‍ ഓഫിസ് കം ഷോപ്പിങ് കോപ്ലക്‌സ് നിര്‍മിക്കുമെന്നും ബസ് സ്റ്റാന്‍ഡ് യാഡ് ടാറിങ് നടത്തുന്നതിനു ആറു ലക്ഷം രൂപയും വകയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാന്‍ നീക്കം ആരംഭിച്ചതും നാട്ടുകാര്‍ തടഞ്ഞതും. എന്നാല്‍ ഷോപ്പിങ് കോംപ്ലക്‌സ് പണിയുക മാത്രമാണ് നടക്കുന്നതെന്നും ബസ് സ്റ്റാന്‍ഡ്് നിലനിര്‍ത്തുമെന്നും ബന്ധപ്പെട്ടവര്‍  പറയുന്നു.

RELATED STORIES

Share it
Top