വേലിയമ്പത്ത് കാട്ടാനശല്യം രൂക്ഷംപുല്‍പ്പള്ളി: വേലിയമ്പം പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ഒരാഴ്ചയായി വേലിയമ്പം, ഭൂദാനം, കണ്ടാമല, മൂഴിമല പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നെയ്ക്കുപ്പ വനമേഖലയില്‍ നിന്നിറങ്ങുന്ന കാട്ടാനകള്‍ നിരവധി കര്‍ഷകരുടെ കൃഷികളാണ് ദിനംപ്രതി നശിപ്പിക്കുന്നത്. തെങ്ങ്, കവുങ്ങ്, ചേന, കുരുമുളക്, കാപ്പി, വാഴ എന്നിവയാണ് വ്യാപകമായി നശിപ്പിക്കുന്നത്. വേലിയമ്പം പ്രദേശത്തെ വയലുകളിലെ ഏക്കറുകണക്കിന് ചേനകൃഷി കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനക്കൂട്ടം നശിപ്പിച്ചു. ആനകളെ ഭയന്ന് പകല്‍പോലും ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ വന്യമൃഗശല്യത്തിന് പരിഹാരം കാണുന്നതിനായി വനംവകുപ്പ് നിരവധി പദ്ധതികള്‍ തയ്യാറാക്കുമെന്ന് അറിയിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടാവുന്നില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ കര്‍ഷകരുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്നായിരുന്നു വനാതിര്‍ത്തി പ്രദേശത്ത് ഫെന്‍സിങും ട്രഞ്ചും സ്ഥാപിക്കുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍, ഒരുനടപടിയും സ്വീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top