വേലയ്ക്ക് സുരക്ഷാ ചുമതലയൊരുക്കാന്‍ 800 പോലിസുകാര്‍; നെന്മാറ-വല്ലങ്ങി വേല നാളെ

നെന്മാറ: നെന്മാറ-വല്ലങ്ങി വേല നാളെ ആഘോഷിക്കും. ഒരുക്കങ്ങള്‍ ജില്ലാ പോലിസ് മേധാവി കെ പ്രതീഷ് കുമാര്‍, എഡിഎം വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. നെന്മാറ വല്ലങ്ങി വേലയുടെ സുഗമമായ നടത്തിപ്പ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന അവലോകനയോഗം കെ ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ആലത്തൂര്‍ ഡിവൈഎസ്പി എസ് ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുതല മേധാവികള്‍, വേലക്കമ്മിറ്റി ഭാരവാഹകള്‍, ജനപ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വേലയോടനുബന്ധിച്ച് കൂടുതല്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കും.വൈദ്യുതി തടസ്സവും മറ്റും പരിഹരിക്കാന്‍ കെഎസ്ഇബിയുടെ മൂന്നു യൂനിറ്റ് സ്ഥലത്ത് ക്യാംപ് ചെയ്യും. കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ പൊതുടാപ്പുകളും ടാങ്കര്‍ വെള്ളവും ഒരുക്കും. ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂനിറ്റുകളും ആരോഗ്യവകുപ്പിന്റെ നാല് ആംബുലന്‍സുകളും സജ്ജമാക്കും. വേലനാളുകളില്‍ അനധികൃതമദ്യവില്‍പ്പന തടയാന്‍ നടപടിയെടുക്കും.
സുരക്ഷിതമായ വെടിക്കെട്ടിനുള്ള ക്രമീകരണവും ആന എഴുന്നള്ളത്തിനുള്ള സംവിധാനവും ഒരുക്കും. എലിഫെന്റ് സ്‌ക്വാഡ് രംഗത്തുണ്ടാകും. ക്രമസമാധാനപാലനത്തിന് നാലു ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍  കൂടുതല്‍ പോലിസുകാരെ എത്തിക്കാനും ധാരണയായി.
ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ആറു ഡിവൈഎസ്പി, 10 സിഐമാര്‍, 25 എസ്‌ഐമാര്‍, വനിതാ പോലിസുകാര്‍ ഉള്‍പ്പടെ 800ഓളം പേരുടെ സേവനമാണ് സുരക്ഷക്കായി ഒരുക്കുന്നത്. വേലയോടനുബന്ധിച്ച് വല്ലങ്ങി ദേശക്കാരുടെ താലപ്പൊലി നടക്കുന്ന നാളെ വൈകീട്ട് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.വൈകീട്ട് ആറുമുതല്‍  ഒന്‍പതുവരെ ബസ്സുകളും ചരക്ക് വാഹനങ്ങളും വല്ലങ്ങി വഴി കടത്തിവിടില്ല. കൊല്ലങ്കോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ കോവിലകംമുക്കില്‍ നിന്നും തൃശ്ശൂര്‍ വഴി പോകണം. ചെറിയ വാഹനങ്ങള്‍ വിത്തനശ്ശേരിയില്‍ പാര്‍ക്ക് ചെയ്യണം. വടക്കഞ്ചേരി വഴി വരുന്നവ ചിറ്റിലഞ്ചേരി വഴിപോകണം.

RELATED STORIES

Share it
Top