വേലന്താവളം മേനോന്‍പാറ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

ചിറ്റൂര്‍: അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന വടകരപ്പതി വില്ലേജിലെ 3,4,5, 16, 17 വാര്‍ഡുകളില്‍പ്പെട്ട ചുണ്ണാമ്പുകല്‍കോട്, വേലന്താവളം  മേനോന്‍ പാറ പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന വേലന്താവളം  മേനാന്‍പാറ കുടിവെള്ള പദ്ധതി നാടിനു സമര്‍പ്പിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം കെ കൃഷ്ണന്‍കുട്ടി എംഎല്‍എ വേലന്താവളത്ത് നിര്‍വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് കുഴന്തൈതെരേസ അധ്യക്ഷതവഹിച്ചു. കേരള ജല അതോറിറ്റി ബേര്‍ഡ് മെമ്പര്‍ അഡ. വി മുരുകദാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധുരി പത്മനാഭന്‍ ,ജില്ലാ പഞ്ചായത്ത് അംഗം കെ ചിന്നസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു. മലമ്പുഴ ഡാമില്‍ നിന്നാണ് വെള്ളം എടുക്കുന്നത്. കേരളവാട്ടര്‍ അതോറിറ്റിയുടെ പുതുശ്ശേരി സമഗ്ര കുടിവെള്ള പദ്ധതിയുടെ നിലവിലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി പുതുശ്ശേരി ജല ശുദ്ധീകരണശാലയില്‍ ശാസ്ത്രീയമായി ശുദ്ധീകരിച്ചാണ് ജലം വിതരണം നടത്തുന്നത്. 100 എച്ചപി പമ്പ് സെറ്റ് ഉപയോഗിച്ച് പുലാംമ്പാറ സംപില്‍ എത്തിച്ച് അവിടെ നിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്. 12 കിലോമീറ്ററാണ് ജല വിതരണ പൈപ്പ് ലൈനിന്റെ നീളം. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഗുണനിലവാരമുള്ള കുടിവെള്ളം അവരുടെ ഗാര്‍ഹിക കണക്ഷനിലൂടെ ലഭിക്കും. ചിറ്റൂര്‍ എംഎല്‍എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയുമാണ് പദ്ധതിക്ക് വിനിയോഗിച്ചത്. ഓരോ വര്‍ഷവും കിഴക്കന്‍ മേഖലയില്‍ ടാങ്കര്‍ ലോറിയിലെ കുടിവെള്ള വിതരണത്തിന് മാത്രമായി 3 കോടിയോളം രൂപ ചിലവിട്ടിരുന്നു.

RELATED STORIES

Share it
Top