വേമ്പനാട്ട് കായലിലെ മാലിന്യ നിക്ഷേപം തടയാന്‍ നടപടിയില്ലകോട്ടയം: വേമ്പനാട്ട് കായലില്‍ മാലിന്യം നിറയുന്നതു തടയാന്‍ നടപടിയില്ല. തുടര്‍ന്ന് അനുദിനം മലിനമാവുന്ന വേമ്പനാട്ടുകായല്‍ തൊഴിലാളികളുടെ ജീവനു ഭീഷണിയാവുന്നുണ്ടെന്ന പരാതിയ്ക്കും പരിഹാരം കാണാനായിട്ടില്ല. റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള മാലിന്യം കായലിനെ വിഷമയമാക്കുന്നെന്നാണു സൂചന. ബോട്ടുകളില്‍ നിന്നു വെള്ളത്തില്‍ കലരുന്ന ഇന്ധനവും തൊഴിലാളികള്‍ക്കും ജീവജാലങ്ങള്‍ക്കും വെല്ലുവിളിയാണ്. കായല്‍ മാലിന്യ വാഹിനിയായി മാറിയതോടെ അടിഞ്ഞുകൂടിയ മാലിന്യം കക്കാവാരല്‍ തൊഴിലാളികള്‍ക്കും മല്‍സ്യ തൊഴിലാളികള്‍ക്കും വന്‍ഭീഷണിയാണ് ഉയര്‍ത്തുന്നത്. നൂറുകണക്കിനു തൊഴിലാളികളാണ് വേമ്പനാട്ടുകായലിനെ ആശ്രയിച്ച് ജീവിക്കുന്നത്. കായലില്‍ മണിക്കൂറുകളോളമുള്ള അധ്വാനം തങ്ങളെ രോഗികളാക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. ഏഴടി വരെ താഴ്ച്ചയില്‍ വേമ്പനാട്ടു കായലില്‍ മുങ്ങി ചെളികുത്തിമാറ്റിയാണു തൊഴിലാളികള്‍ വെള്ള കക്കാവാരുന്നത്. ഇതിന് ഏകദേശം നാലു മണിക്കൂറെങ്കിലും വേണം. കാലങ്ങളായി ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് കേള്‍വിക്കുറവും തലച്ചോറില്‍ അണുബാധയും അടക്കമുള്ളവ ഉണ്ടാവുന്നതായി തൊഴിലാളികള്‍ പറയാന്‍ തുടങ്ങിയിട്ട് ഏറെ കാലമായെങ്കിലും അധികാരികളുടെ ഭാഗത്തു നിന്നു വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. മാലിന്യം കുമിഞ്ഞുകൂടി വെള്ളം മലിനമായതോടെ വ്യാപകമായി ആമകള്‍ ചത്തുപൊങ്ങുന്നുണ്ട്. മനുഷ്യ വിസര്‍ജ്യത്തില്‍ നിന്നുണ്ടാവുന്ന കോളിഫോം ബാക്ടീരിയയുടെ അളവ് കായല്‍ വെള്ളത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്നു. ഹൗസ് ബോട്ടുകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം കൂടാതെ തണ്ണീര്‍മുക്കം ഭാഗത്ത് ബണ്ട് റോഡിലെ വഴിയരികില്‍ സ്ഥാപിച്ച ചെറുബങ്കുകളില്‍ നിന്നുള്ള മാലിന്യം തള്ളുന്നതും വേമ്പനാട്ടുകായലിലേക്കു തന്നെ. കരിക്കിന്റെയും തണ്ണിമത്തന്റെയും തൊണ്ടുകളും പ്ലാസ്റ്റിക് കുപ്പികളുമാണ് വ്യാപകമായി ഹൗസ് ബോട്ടുകളില്‍ നിന്നു പുറംതള്ളുന്നത്. മാലിന്യം ശേഖരിക്കാനോ സംസ്‌കരിക്കാനോ സംവിധാനമില്ല. ഇത്തരത്തില്‍ മലീമസമായ കായലിലാണ് തൊഴിലാളികള്‍ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ ജോലി നോക്കുന്നത്. ഒരു പുരുഷായുസ്സു മുഴുവന്‍ വെള്ളത്തില്‍ കഴിയുന്ന ഇവര്‍ സമ്പാദിക്കുന്നത് രോഗങ്ങള്‍ മാത്രമാണെന്നു തൊഴിലാളികള്‍ പറയുന്നു

RELATED STORIES

Share it
Top