വേനല്‍മഴ: മാലിന്യത്തില്‍ കുളിച്ച് തിരൂര്‍ നഗരം

തിരൂര്‍: കഴിഞ്ഞ ദിവസം പുലര്‍ച്ചെയുണ്ടായ വേനല്‍മഴയെത്തുടര്‍ന്ന് തിരൂര്‍ നഗരം മാലിന്യ നഗരമായി.നഗരത്തിലെ കാനകള്‍ മാലിന്യത്താല്‍ നിറഞ്ഞു കവിഞ്ഞതിനാല്‍ മഴവെള്ളം ഒലിച്ചുപോവാനാവാതെ തളം കെട്ടി നിന്നതാണ് നഗരം മാലിന്യമയമാകാന്‍ കാരണം. മഴവെള്ളം നഗരത്തില്‍ തളം കെട്ടിയതോടെ റോഡുകള്‍ പുഴക്ക് സമാനമായി. മഴവെള്ളത്തില്‍ കാനകളിലെ മാലിന്യം കൂടിച്ചേര്‍ന്നപ്പോള്‍ അക്ഷര നഗരം ദുര്‍ഗന്ധപൂരിതമായി.
ബസ് സ്റ്റാന്റ് മാര്‍ക്കറ്റ് പരിസരങ്ങള്‍ യാത്രക്കു പോലും കഴിയാത്ത രീതിയില്‍ ദുരിതത്തിലായി. വെള്ളം കുറഞ്ഞതോടെയാണ് അവസ്ഥക്ക് അല്‍പ്പം ശമനമായത്. കാനകളിലേക്ക് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ മറ്റും തള്ളുന്ന അവശിഷ്ടങ്ങള്‍ കുമിഞ്ഞുകൂടിയാണ് കാനകള്‍ അടയാന്‍ കാരണം.
ഈ അവശിഷ്ടങ്ങള്‍ കോരിയെടുത്ത് മാറ്റിയാല്‍ മാത്രമേ പ്രശ്‌നത്തിനു പരിഹാരമാവുകയുള്ളൂ. അതില്ലാത്തിടത്തോളം കാലം നഗരം ചീഞ്ഞുനാറുക തന്നെ ചെയ്യും. കാലങ്ങളായി തിരൂര്‍ നഗരം ഈ ദുരിതം പേരുകയാണ്. ഭരണ സമിതികള്‍ പലതും മാറി വന്നെങ്കിലും നഗരത്തിന് ഇനിയും ശാപമോക്ഷമായിട്ടില്ല. പതിറ്റാണ്ടുകള്‍ നഗരസഭ യു ഡി എഫിന് കീഴിലായിരുന്നുവെങ്കിലും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഈ മാലിന്യത്തിന് പരിഹാരമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട എല്‍ ഡി എഫിനെ ജനം തിരെഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍പുതിയ ഭരണസമിതി അധികാരത്തിലേറി വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും പരിഹാരമായിട്ടില്ല.

RELATED STORIES

Share it
Top