വേനല്‍മഴ: മലയോരത്ത് വ്യാപക നാശം; എട്ടു വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വ്യാഴാഴ്ച വൈകീട്ടും രാത്രിയിലുമുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്്ടം. മരങ്ങള്‍ കടപുഴകി വീണ് എട്ട് വീടുകള്‍ പൂര്‍ണമായും 14 വീടുകള്‍ ഭാഗികമായും തകരുകയും കാര്‍ഷിക വിളകള്‍ നശിക്കുകയും ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണമായും താറുമാറായി. റോഡ് ഗതാഗതവും ചിലയിടങ്ങളില്‍ തടസപ്പെട്ടു. ബേഡഡുക്ക, കുറ്റിക്കോല്‍, പുല്ലൂര്‍-പെരിയ, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍, മടിക്കൈ പഞ്ചായത്തുകളിലാണ് വ്യാപകമായ നാശം വിതച്ചത്. കാര്‍ഷിക വിളകളായ തെങ്ങ്, കവുങ്ങ്, വാഴ, റബര്‍, പച്ചക്കറിത്തോട്ടം എന്നിവ നശിച്ചു. ബേഡഡുക്ക, മുന്നാട്, പള്ളത്തിങ്കാല്‍, കൊളത്തൂര്‍, ബേത്തൂര്‍പാറ, കാഞ്ഞിരത്തുങ്കാല്‍, അരിച്ചെപ്പ്,  പെര്‍ളടുക്കം എന്നിവിടങ്ങളിലെല്ലാം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.
പള്ളത്തിങ്കാല്‍ മുതല്‍ ചട്ടഞ്ചാല്‍കരിച്ചേരി വരെ മരങ്ങളും മറ്റും റോഡിലേക്ക് കടപുഴകി വീണതിനാല്‍ വാഹന ഗതാഗതവും തടസ്സപ്പെട്ടു.  മലബാര്‍ എക്‌സ്പ്രസിന് മുകളില്‍ വ്യാഴാഴ്ച രാത്രി മരം പൊട്ടിവീണിരുന്നു. എന്നാല്‍ വന്‍ ദുരന്തം ഒഴിവായി.  കൊളത്തൂര്‍, മുന്നാട്, ബേഡകം വില്ലേജുകളിലാണ് വ്യാപകമായ നാശനഷ്ടമുണ്ടായത്. ഇതില്‍ കൊളത്തൂരിലാണ് കൂടുതല്‍ നാശനഷ്ടം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കൊളത്തൂര്‍ ഹൈസ്‌കൂളിന് പൂര്‍വ വിദ്യാര്‍ഥികള്‍ സമ്മാനിച്ച പ്രവേശന കവാടം പൂര്‍ണമായും തകര്‍ന്നു. കളിയാട്ടം നടക്കുന്ന പാടാര്‍കുളങ്കര ക്ഷേത്രത്തിന്റെ പന്തലും തകര്‍ന്നിട്ടുണ്ട്.
ബേഡഡുക്ക പഞ്ചായത്തില്‍ മാത്രം ഒരു കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. ബേഡടുക്ക പഞ്ചായത്തിലെ പാറത്തോട് തമ്പാന്‍, ദാക്ഷായണി മാട്ടിലാംകോട്, ശാന്ത കാണിയടുക്കം, മൂര്‍ച്ചിയമ്മ കല്ലടക്കുറ്റി, ദാമോദരന്‍ ചേടിക്കുണ്ട്, ജാനകി ചേടിക്കുണ്ട്, നാരായണന്‍ വണ്ണാച്ചിമൂല, ധന്യ കാണിയടുക്കം, ശാന്ത ബറോട്ടി, നാരായണന്‍ നായര്‍, സഫിയ ഒതൊടുക്കം, പത്മനാഭന്‍ കൊളത്തൂര്‍, സുരേന്ദ്രന്‍ കളവയല്‍, എം കെ നാരായണന്‍, ഇ രാഘവന്‍ പേര്യ, ഉഷ ചൂരിക്കോട്, മാലിങ്കന്‍ വട്ടപ്പാറ, ചാത്തുക്കുട്ടി പേര്യ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. രാധാകൃഷ്ണന്‍ ചാളക്കാടിന്റെ വീടിന് സാരമായ നഷ്ടം സംഭവിച്ചു.
ചെര്‍പ്പാറ കോളനിയിലെ ചോമു, കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. കൊളത്തൂര്‍, ബേഡകം വില്ലേജുകളില്‍ വ്യാപക കൃഷിനാശവും ഉണ്ടായി. സി അപ്പു ചേടിക്കുണ്ടിന്റെ 200ല്‍ അധികം റബര്‍ മരങ്ങളും കളവയല്‍ നാരായണന്‍, ഗോപാലകൃഷ്ണന്‍ എന്നിവരുടെ കവുങ്ങ്, ജനാര്‍ദനന്‍ കോളോട്ടിന്റെ 200 കവുങ്ങ്, വരിക്കുളം അമ്പാടിയുടെ 275 വാഴ, കുഞ്ഞിരാമന്‍ വരിക്കുളത്തിന്റെ 40 വാഴ, മോഹനന്‍ ഒയോലത്തിന്റെ 40 റബര്‍ മരങ്ങള്‍, പത്മനാഭന്‍ മുണ്ടോട്ടിന്റെ 250 റബര്‍ മരങ്ങള്‍, കൊല്ലരംകോട് കുഞ്ഞികൃഷ്ണന്റെ 50 വാഴ, ബാലനടുക്കം അബൂബക്കറിന്റെ 50 കവുങ്ങ്, 20 തെങ്ങ് എന്നിവയും ഭവാനി പെര്‍ളടുക്കത്തിന്റെ 100 വാഴ, ഗോപാലകൃഷ്ണന്‍ കരിയത്തിന്റെ 50 കവുങ്ങ്, 5 തെങ്ങ്, 20 വാഴ , 15 റബര്‍ എന്നിവയാണ് നശിച്ചത്.
കലക്ടറുടെ നിര്‍ദേശ പ്രകാരം ആര്‍ഡിഒ അബ്ദുസ്സമദ്, തഹസില്‍ദാര്‍, വില്ലേജ് ഓഫിസധികൃതര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി.
പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ നാശനഷ്ടമുണ്ടായ സ്ഥലവും അധികൃതര്‍ സന്ദര്‍ശിച്ചു.  പെരിയ, ആയംമ്പാറ, ഉരുളംകോടി, പണമ്മല്‍, നവോദയ നഗര്‍, കപ്പണക്കാല്‍, കുണ്ടൂര്‍ ഭാഗങ്ങളില്‍ നൂറുകണക്കിന് നേന്ത്രവാഴകള്‍ നിലംപൊത്തി. ആയംപാറ, കുണ്ടൂര്‍ എന്നിവിടങ്ങളില്‍ വീടുകള്‍ക്കു മുകളിലേയ്ക്ക് മരങ്ങള്‍ കടപുഴകി വീണു. കുണിയയില്‍ തെങ്ങുകള്‍ കടപുഴകി വീണു. കപ്പണക്കാലിലെ മലബാര്‍ പീനേര്‍സ് പ്ലൈവുഡ് ഫാക്ടറിയുടെ പുകക്കുഴല്‍ തകര്‍ന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരയും തകര്‍ന്നിട്ടുണ്ട്. മഞ്ചേശ്വരത്തെ കാസിമിന്റെ വീട് മരം കടപുഴകി വീണ് ഭാഗികമായി തകര്‍ന്നു. അതേസമയം കേരള തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ശക്തമായ കാറ്റിന്റെ സാന്നിധ്യമുള്ളതിനാല്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും തീരദേശത്ത് ജാഗ്രത പാലിക്കണമെന്നും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നറിയിച്ചു. കാസര്‍കോട് താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു.

RELATED STORIES

Share it
Top