വേനല്‍മഴ; നാശനഷ്ടം കണക്കാക്കാന്‍ സ്‌ക്വാഡ്‌

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയില്‍ കൊയിലാണ്ടി താലൂക്കിലെ പൊയ്യില്‍കാവ്, ചെങ്ങോട്ട് കാവ് ഭാഗങ്ങളില്‍ ഉണ്ടായത് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടം. അപകടത്തില്‍ പരിക്കേറ്റവരേയും നാശനഷ്ടം സംഭവിച്ച വീടുകളും പഞ്ചായത്ത് പ്രസിഡന്റ് കൂമുള്ളി കരുണാകരന്‍, വടകര ആര്‍ഡിഒ വി പി അബ്ദുള്‍ റഹ്മാന്‍, തഹസില്‍ദാര്‍ പി പ്രേമന്‍, സീനിയര്‍ സൂപ്രണ്ട് രാജീവന്‍ എന്‍ കെ, വാര്‍ഡ്‌മെമ്പര്‍ കെ ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു.
നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കൊയിലാണ്ടി ഡപ്യൂട്ടി തഹസില്‍ദാര്‍ സുനീഷ്‌കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് തോമസ് എം ജെ എന്നിവരുടെ നേതൃത്വത്തില്‍ 8 ടീമുകളായി പ്രത്യേക സ്‌ക്വാഡ് രൂപികരിക്കാന്‍ തീരുമാനമായതായും തഹസില്‍ദാര്‍ അറിയിച്ചു.
കനത്ത കാറ്റില്‍ മരം പൊട്ടി വീണ് പ്രദേശത്ത് 200 ലധികം വീടുകള്‍ക്കാണ് കേടുപാടുണ്ടായത്. പൊയ്യില്‍കാവ് ഭാഗത്ത് മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ബിജു തുരുത്തിയില്‍, ശിവദാസന്‍ എളമ്പേരി, ആയിഷ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കനത്തകാറ്റില്‍ പന വീണ് വീട് പൂര്‍ണമായും തകര്‍ന്ന തുരുത്തിയില്‍ ബിജുവിനും ഭാര്യയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്.
വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ഫര്‍ണിച്ചറുകള്‍ക്കും കേടുപാടുണ്ടായി. കൂടാതെ നിരവധി തെങ്ങുകളും വാഴകളും ഫലവൃക്ഷങ്ങളും പ്രദേശത്ത് കാറ്റില്‍ കടപുഴകി.

RELATED STORIES

Share it
Top