വേനല്‍ക്കാല രോഗങ്ങള്‍: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

പാലക്കാട്: ജില്ലയില്‍ വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ വേനല്‍ക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ആവശ്യമായ മുന്‍കരുതലെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ പി റീത്ത. വേനല്‍ക്കാലത്ത് എളുപ്പത്തില്‍ പടരുന്ന ചിക്കന്‍പോക്‌സിന് ചികില്‍സയില്ലായെന്നത് തെറ്റായ ധാരണയാണ്.
രോഗത്തെ പ്രതിരോധിക്കാന്‍ ഫലപ്രദമായ ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമാണ്. 2017ല്‍ 389 കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം 274 പേര്‍ മാത്രമാണ് ചികില്‍സ തേടിയത്. മൂന്നുപേര്‍ മരണപ്പെട്ടു. ചിക്കന്‍പോക്‌സ് ലക്ഷണങ്ങള്‍ പ്രകടമായാലുടന്‍ ചികില്‍സ തേടേണ്ടത് അത്യാവശ്യമാണെന്നും ഡിഎംഒ പറഞ്ഞു.തച്ചനാട്ടുക്കര, കൊപ്പം, ഓങ്ങലൂര്‍ പ്രദേശങ്ങളിലാണ് ചിക്കന്‍പോക്‌സ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നതിന് മുമ്പും പ്രാരംഭ ഘട്ടങ്ങളിലുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ കൂടുതല്‍ സാധ്യത.
അതിനാല്‍ തുടക്കത്തില്‍ തന്നെ ചികില്‍സിച്ചാല്‍ ചിക്കന്‍പോക്‌സ് നിയന്ത്രണവിധേയമാവും. കുട്ടികളില്‍ രോഗം ഗുരുതരമാവാറില്ല. അതേസമയം, മുതിര്‍ന്നവരില്‍ ഇതുമൂലം മരണം സംഭവിക്കാറുണ്ട്. വായുവഴി പടരുന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ പനി, ശരീരവേദന, ക്ഷീണം, നടുവേദന എന്നിവയാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചക്കു ശേഷമാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമാവുക. ഗര്‍ഭിണികളിലും പ്രായമായവരിലും മറ്റു രോഗികള്‍ക്കും  ചിക്കന്‍പോക്‌സ് ബാധിച്ചാല്‍ ഉടനെ വൈദ്യസഹായം തേടണം.
വേനല്‍ക്കാലത്ത് കുട്ടികള്‍ക്കിടയില്‍ കണ്ടുവരുന്ന രോഗമാണ് മുണ്ടിനീര്‍ (താടവീക്കം). വായുവിലൂടെ പകരുന്ന ഈ രോഗവും ഫലപ്രദമായ ചികില്‍സയിലൂടെ ഭേദമാകും. ജില്ലയില്‍ വേനല്‍ കനക്കുന്നതിനോടൊപ്പം സൂര്യതാപമേല്‍ക്കാനുള്ള സാധ്യതയും കൂടുതലാണ്.
കഠിനമായ വെയില്‍ തുടര്‍ച്ചയായി ഏല്‍ക്കാതിരിക്കുക, ധാരാളം വെള്ളം കുടിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക എന്നിവയാണ് പ്രധാന മുന്‍കരുതലുകള്‍.
രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ സ്വയം ചികില്‍സിക്കാതെ ഡോക്ടറെ കാണണം. പൊതുജനങ്ങള്‍ക്ക് വേനല്‍ക്കാല രോഗങ്ങളെകുറിച്ച് അറിവ് നല്‍കാനായി ആരോഗ്യവകുപ്പ് ജില്ലയിലെ 14 ബ്ലോക്കുകളിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.

RELATED STORIES

Share it
Top