വേനലവധിക്കാലത്ത് സ്‌കൂള്‍ തുറക്കാന്‍ പാടില്ല; പിഞ്ചു കുട്ടികള്‍ അങ്കണവാടിയിലെത്തണം

നാദാപുരം: വരള്‍ച്ചയും കൊടും വേനലും അനുഭവിക്കുന്ന ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ തുറക്കരുതെന്നും കുട്ടികളെ സ്‌കൂളില്‍ വരുത്തരുതെന്നും ഉത്തരവിട്ട അധികൃതര്‍ പിഞ്ചു കുട്ടികളെ മറന്നു. മൂന്നു മുതല്‍ അഞ്ചു വരെ പ്രായമുള്ള അങ്കണവാടി കുട്ടികളുടെ കാര്യത്തില്‍ വേനലും വരള്‍ച്ചയും ബാധകമല്ല. ഞായര്‍ ഒഴികെ എല്ലാ ദിവസവും അവര്‍ അങ്കണവാടിയിലെത്തണം.
രൂക്ഷമായ ജലക്ഷാമം അനുഭവപ്പെടുന്ന സമയത് ചെറിയ കുട്ടികളെ മാത്രം പ്രീ സ്‌കൂളില്‍ അയക്കണമെന്ന് തീരുമാനിച്ചത് എന്ത് മാനദണ്ഡത്തിലാണെന്നു അറിയില്ലെന്ന് അങ്കണവാടി ടീച്ചര്‍മാര്‍ പറഞ്ഞു. സംസ്ഥാനത്ത് ഇക്കൊല്ലം മുന്‍ വര്‍ഷത്തേക്കാള്‍ കൂടിയ ചൂടും വരള്‍ച്ചയും ഉണ്ടാകുമെന്നു കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സൂര്യഘാതം ഉണ്ടാകാനിടയുള്ളതിനാല്‍ പകല്‍ സമയത്ത് തൊഴിലാളികള്‍ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അവധിക്കാലത്ത് കുട്ടികളെ സ്‌കൂളില്‍ എത്തിക്കരുതെന്നും വേനലും ജലക്ഷാമവും ഉള്ളതിനാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമായിരുന്നു വിവിധ ജില്ലാ കലക്ടര്‍മാര്‍ നല്‍കിയ ഉത്തരവ്. സംസ്ഥാന ബാലാവകാശ കമ്മീഷനും അവധിക്കാലത്ത് സ്‌കൂള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നു കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഇത്തരത്തില്‍ വൊക്കേഷന്‍ ക്ലാസ് നടത്തിയാല്‍ സ്‌കൂളിന്റെ അംഗീകാരം റദാക്കുമെന്നും ചില കലക്ടര്‍മാര്‍ ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, സ്വന്തമായി കുടിവെള്ളമോ, കെട്ടിടങ്ങളോ ഇല്ലാത്ത അംഗന്‍വാടികളില്‍ കുട്ടികള്‍ വരുന്നതിനെപ്പറ്റി ഒരു പരാമര്‍ശം പോലും ബാലാവകാശ കമ്മീഷനോ, ജില്ലാ കലക്ടര്‍മാരോ നടത്തിയിട്ടില്ല. വേനലവധിക്കാലത്ത്് അങ്കണവാടി വര്‍ക്കര്‍മാര്‍ വാര്‍ഷിക സര്‍വേക്കായി പുറത്തായിരിക്കുന്നതിനാല്‍  കുട്ടികള്‍ക്കായി പഠനപരിപാടികള്‍ കുറവായിരിക്കും. കുട്ടികള്‍ക്കുള്ള പോഷകാഹാരം ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും നല്‍കുന്നത് പോലെ വീട്ടിലെത്തിക്കാനുള്ള നടപടിയെടുത്താല്‍ മതിയെന്ന്്്് അങ്കണവാടി ടീച്ചര്‍മാര്‍ പറയുന്നു.

RELATED STORIES

Share it
Top